ചാമ്പ്യൻസ് ലീഗ് പ്ലയെർ ഓഫ് ദി വീക്ക്‌,നെയ്മറിന്റെ എതിരാളികൾ ഈ താരങ്ങൾ !

ഈ ആഴ്ച്ച നടന്ന ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിലെ ഏറ്റവും മികച്ച പ്രകടനം നടത്തിയ താരങ്ങളുടെ ലിസ്റ്റ് യുവേഫ പുറത്ത് വിട്ടു. നാലു താരങ്ങളാണ് യുവേഫ ചാമ്പ്യൻസ് ലീഗ് പ്ലയെർ ഓഫ് ദി വീക്കിന് വേണ്ടി രംഗത്തുള്ളത്. ഹാട്രിക് നേടിയ പിഎസ്ജി സൂപ്പർ താരം നെയ്മർ ജൂനിയർ, ഇരട്ടഗോളുകളുമായി റയൽ മാഡ്രിഡിന്റെ രക്ഷകനായ കരിം ബെൻസിമ, സെവിയ്യയുടെ സൂപ്പർ താരം എൻ നെസ്രി, ഷാക്തർ ഡോണസ്ക്ക്‌ യുവഗോൾകീപ്പർ അനടോല്ലി ട്രൂബിൻ എന്നിവരാണ് മത്സരരംഗത്തുള്ളത്. ആരാധകർക്ക്‌ ചാമ്പ്യൻസ് ലീഗിന്റെ വെബ്സൈറ്റ് വഴി വോട്ടുകൾ രേഖപ്പെടുത്താം. നാലു പേരും തങ്ങളുടെ ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ച്ചവെച്ച താരങ്ങളാണ്.

ഇസ്താംബൂളിനെതിരെ മൂന്ന് ഗോളുകൾ നേടിക്കൊണ്ടാണ് നെയ്മർ തന്റെ കരുത്ത് തെളിയിച്ചത്. താരത്തിന്റെ മികവിൽ ഒന്നാമൻമാരായി പിഎസ്ജി അടുത്ത ഘട്ടത്തിലേക്ക് മുന്നേറിയിരുന്നു. അതേസമയം നിർണായകമത്സരത്തിൽ ഇരട്ടഹെഡർ ഗോളുകൾ നേടിക്കൊണ്ടാണ് ബെൻസിമ റയലിന്റെ രക്ഷകനായത്. റയൽ മാഡ്രിഡും ഒന്നാമൻമാരായി പ്രീ ക്വാർട്ടറിലേക്ക് മുന്നേറി. സെവിയ്യ താരമായ എൻ നെസ്രി റെന്നസിനെതിരെ ഇരട്ടഗോളുകൾ നേടിക്കൊണ്ട് വിജയശില്പിയാവുകയായിരുന്നു. ഫലമായി സെവിയ്യ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാർട്ടറിൽ പ്രവേശിക്കുകയും ചെയ്തു. അതേസമയം ഇന്നലെ നടന്ന ഇന്റർ-ഷാക്തർ മത്സരത്തിലാണ് ഷാക്തർ ഗോൾകീപ്പർ ട്രൂബിൻ മിന്നും പ്രകടനം നടത്തിയത്. സൂപ്പർ താരങ്ങൾ അടങ്ങിയ ഇന്റർ മുന്നേറ്റനിരയെ ഒരു ഗോൾ പോലും നേടാനാവാതെ തടഞ്ഞു നിർത്തിയത് ട്രൂബിൻ ആയിരുന്നു. എന്നാൽ ഗ്രൂപ്പിൽ മൂന്നാമത് ഫിനിഷ് ചെയ്ത ഷാക്തറിന് പ്രീ ക്വാർട്ടർ കാണാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *