ചാമ്പ്യൻസ് ലീഗ്: ഇനി നെയ്മറുടെ ഊഴം, ഇത് സുവർണാവസരമോ?

2017-ൽ വേൾഡ് റെക്കോർഡ് തുകക്ക് നെയ്മറിനെ ക്ലബിലെത്തിച്ച പിഎസ്ജിയുടെ ഏറ്റവും വലിയ ലക്ഷ്യം ചാമ്പ്യൻസ് ലീഗ് കിരീടം തന്നെയാണ് എന്നത് പരസ്യമായ കാര്യമാണ്. എന്നാൽ എന്നാൽ നെയ്മർ ക്ലബിൽ എത്തിയ ശേഷം രണ്ട് തവണയും പിഎസ്ജി പ്രീക്വാർട്ടറിൽ തന്നെ പുറത്താവുകയായിരുന്നു. ഈ രണ്ട് തവണയും നെയ്മറിന് വില്ലനായത് പരിക്കുകളായിരുന്നു. ആദ്യതവണ റയൽ മാഡ്രിഡിനോട് ആദ്യപാദത്തിൽ 3-1 ന് തോൽവി അറിഞ്ഞപ്പോൾ നെയ്മറുടെ സാന്നിധ്യമുണ്ടായിരുന്നു. എന്നാൽ രണ്ടാം പാദത്തിൽ നെയ്മറുടെ അഭാവത്തിൽ ഇറങ്ങിയ പിഎസ്ജി വീണ്ടും തോറ്റു പുറത്തായി. കഴിഞ്ഞ വർഷവും ഇത് തന്നെ ആയിരുന്നു സ്ഥിതി. റയലിന് പകരം മാഞ്ചസ്റ്റർ യുണൈറ്റഡ് ആയിരുന്നു എന്ന് മാത്രം. ആദ്യപാദത്തിൽ 2-0 പിഎസ്ജി ജയിച്ചുവെങ്കിലും രണ്ടാം പാദത്തിൽ സ്വന്തം മൈതാനത്ത് 3-1 ന്റെ തോൽവി വഴങ്ങി പിഎസ്ജി പുറത്തായി. രണ്ട് മത്സരങ്ങളിലും നെയ്മർക്ക് കളിക്കാൻ സാധിച്ചില്ല. എന്നാൽ ഇത്തവണ നെയ്മറുണ്ട്. പക്ഷെ എംബാപ്പെ ഇല്ല.

ഇത്തവണ ടീമിനെ ചുമലിലേറ്റേണ്ട ഉത്തരവാദിത്തം നെയ്മർക്കാണ്. പ്രീക്വാർട്ടറിൽ ബൊറൂസിയയെ 2-0 പരാജയപ്പെടുത്തിയപ്പോൾ ഒരു ഗോൾ നെയ്മറുടെ വകയായിരുന്നു. ഇനിയിപ്പോൾ പ്രീ ക്വാർട്ടറിൽ ഇറ്റാലിയൻ കരുത്തരായ അറ്റലാന്റയെയാണ് മറികടക്കേണ്ടത്. അതിന് പ്രതിസന്ധികൾ ഏറെയുണ്ട്. ഒന്നാമതായി എംബാപ്പെയുടെ പരിക്ക്, മറ്റൊന്ന് വെറാറ്റിയുടെ പരിക്കാണ്. കൂടാതെ ഡിമരിയയുടെ സസ്‌പെൻഷനും. ഇവ മൂന്നും പിഎസ്ജിക്ക് തിരിച്ചടിയാണ്. മാത്രമല്ല ഒരു മത്സരമേ ഒള്ളൂ എന്നതിനാൽ ജാഗ്രതയോടെ കളിക്കേണ്ടി വരും. എന്നിരുന്നാലും നെയ്മർ പൂർണസജ്ജനാണ്. തന്റെ ടീമിനെ മുന്നിൽ നിന്ന് നയിക്കേണ്ടവൻ നെയ്മറാണ്. 2011-ൽ ഖത്തർ ഉടമകൾ ക്ലബ് ഏറ്റെടുത്ത ശേഷം പിഎസ്ജി ഇത് വരെ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ കണ്ടിട്ടില്ല. മാത്രമല്ല ഒരു ചാമ്പ്യൻസ് ലീഗ് കിരീടം പോലും പിഎസ്ജിക്ക് നേടാൻ കഴിഞ്ഞിട്ടില്ല. നെയ്മർ തന്റെ മുതലെടുത്താൽ പിഎസ്ജിയുടെ ഇതിഹാസമായി മാറാൻ നെയ്മർക്ക് കഴിയുമെന്ന കാര്യത്തിൽ സംശയമില്ല.

Leave a Reply

Your email address will not be published. Required fields are marked *