ചാമ്പ്യൻസ് ലീഗിൽ സ്വപ്നഫൈനൽ ! കിരീടം ആര് നെടും?

അങ്ങനെ ഈ സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗിന് വിരാമമാവാനൊരുങ്ങുകയാണ്. ഞായറാഴ്ച്ച നടക്കുന്ന മത്സരത്തിൽ ജർമ്മൻ അതികായകന്മാരായ ബയേൺ മ്യൂണിക്കും ഫ്രഞ്ച് ശക്തികളായ പിഎസ്ജിയും തമ്മിലാണ് ഏറ്റുമുട്ടുന്നത്. കോവിഡ് പ്രതിസന്ധി കാരണം ഏറെ വൈകിയും ഏറെ മാറ്റങ്ങളോട് കൂടിയുമാണ് ചാമ്പ്യൻസ് ലീഗിന് വിരാമമാവുന്നതെങ്കിലും ആവേശത്തിന് ഒരു കുറവും വന്നിട്ടില്ല എന്ന് തെളിയിക്കുന്നത് തന്നെയാണ് കഴിഞ്ഞ കുറച്ചു മത്സരഫലങ്ങൾ. ജർമ്മനിയിൽ നിന്നുള്ള ആർബി ലീപ്‌സിഗിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തു കൊണ്ടാണ് പിഎസ്ജി ഫൈനലിലേക്ക് എത്തിയതെങ്കിൽ ഫ്രഞ്ച് ക്ലബായ ലിയോണിനെ മൂന്ന് ഗോളുകൾക്ക് തകർത്തു കൊണ്ടാണ് ബയേൺ ഫൈനലിലേക്ക് ടിക്കറ്റ് എടുത്തിരിക്കുന്നത്.

പ്രീക്വാർട്ടർ പോരാട്ടത്തിൽ ബൊറൂസിയ ഡോർട്മുണ്ടിനെ കീഴടക്കിയാണ് പിഎസ്ജിയുടെ വരവ്. ആദ്യപാദത്തിൽ പിറകിൽ പോയെങ്കിലും രണ്ടാം പാദത്തിൽ ശക്തമായി തിരിച്ചടിച്ച് പിഎസ്ജി ക്വാർട്ടറിൽ കയറുകയായിരുന്നു. എന്നാൽ ക്വാർട്ടറിൽ പുറത്താവലിന്റെ വക്കിൽ വരെ പിഎസ്ജി എത്തി. തൊണ്ണൂറ് മിനുട്ട് വരെ അറ്റലാന്റയോട് ഒരു ഗോളിന് പിറകിൽ നിന്ന പിഎസ്ജി മൂന്ന് മിനുറ്റിനിടെ രണ്ട് ഗോൾ അടിച്ച് വിജയം പിടിച്ചു വാങ്ങുകയായിരുന്നു. തുടർന്ന് സെമി ഫൈനലിൽ ലീപ്സിഗിനെ അനായാസം പരാജയപ്പെടുത്തുകയും ചെയ്തു. നെയ്മർ ജൂനിയർ, എംബാപ്പെ, ഡിമരിയ എന്നിവർ തന്നെയാണ് പിഎസ്ജിയുടെ കരുത്ത്. ഫൈനലിൽ നവാസ് മടങ്ങി വരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കപ്പെടുന്നത്.

എന്നാൽ ബയേണിന്റെ വരവ് ഇതിലും ആധികാരികമായാണ്. പ്രീ ക്വാർട്ടറിൽ ഇരുപാദങ്ങളിലുമായി ചെൽസിയെ ഏഴ് ഗോളിന് തച്ചു തകർത്തു വിട്ടു. ക്വാർട്ടറിൽ ബാഴ്‌സയെ ഒരൊറ്റ മത്സരത്തിൽ 8-2 ന് തകർത്തു വിട്ടു. ഇന്നലെ നടന്ന മത്സരത്തിൽ ലിയോണിനെ തകർത്തത് മൂന്ന് ഗോളുകൾക്ക്. ഇങ്ങനെ ഗോൾ മഴ പെയ്യിച്ചാണ് ബയേണിന്റെ വരവ്. ഇതിനാൽ തന്നെ പിഎസ്ജി ഒന്ന് വിറക്കും എന്നുറപ്പാണ്. ആകെ 42 ഗോളുകളാണ് ഈ ചാമ്പ്യൻസ് ലീഗിൽ മാത്രം ബയേൺ അടിച്ചത് എന്നോർക്കണം. ഒരൊറ്റ തോൽവിയും ഇല്ലാതെ പത്ത് മത്സരങ്ങളിൽ വിജയിച്ചാണ് ബയേണിന്റെ വരവ്. അത്കൊണ്ട് തന്നെ പിഎസ്ജിക്ക് നല്ല വെല്ലുവിളിയാവും ബയേൺ എന്ന കാര്യത്തിൽ സംശയമില്ല. ഏതായാലും ഞായറാഴ്ച വരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *