ചാമ്പ്യൻസ് ലീഗിൽ പിഎസ്ജി നിരയിൽ മൂന്ന് സൂപ്പർ താരങ്ങളുണ്ടാവില്ല, മറ്റൊരു താരം മടങ്ങിയെത്തും !

നാളെ ചാമ്പ്യൻസ് ലീഗിൽ ജീവൻമരണ പോരാട്ടത്തിനുള്ള തയ്യാറെടുപ്പിലാണ് പിഎസ്ജി. നാളെ രാത്രി ഇന്ത്യൻ സമയം 1:30-നാണ് പിഎസ്ജി ഇസ്താംബൂൾ ബസക്ഷെറിനെ നേരിടുന്നത്. മത്സരത്തിൽ തോൽക്കുകയോ സമനില വഴങ്ങുകയോ ചെയ്താൽ ഒരുപക്ഷെ മറ്റു മത്സരത്തിന്റെ ഫലത്തെ പിഎസ്ജിക്ക്‌ ആശ്രയിക്കേണ്ടി വരും. അതിനാൽ തന്നെ ഇസ്താംബൂളിനെ കീഴടക്കിയാൽ പിഎസ്ജിക്ക്‌ യാതൊരു വിധ ആശങ്കകളും കൂടാതെ പ്രീ ക്വാർട്ടറിലേക്ക് മുന്നേറാനാവും. സ്വന്തം മൈതാനത്ത് വെച്ചാണ് മത്സരം നടക്കുന്നത് എന്നുള്ളത് പിഎസ്ജിക്ക്‌ ആശ്വാസകരമായ കാര്യമാണ്. കഴിഞ്ഞ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ കീഴടക്കിയതിന്റെ ആശ്വാസത്തിലാണ് നെയ്മറും സംഘവും.അതേസമയം മത്സരത്തിന് മുന്നോടിയായി ടീമിന്റെ മെഡിക്കൽ ന്യൂസുകൾ പുറത്തു വിട്ടിരിക്കുകയാണ് പിഎസ്ജി.

പരിക്ക് മൂലം മൂന്ന് സൂപ്പർ താരങ്ങൾ ഇസ്താംബൂളിനെതിരെ ഉണ്ടാവില്ലെന്ന് പിഎസ്ജി സ്ഥിരീകരിച്ചു കഴിഞ്ഞു. യുവാൻ ബെർണാട്ട്, മൗറോ ഇകാർഡി, പാബ്ലോ സറാബിയ എന്നിവരുടെ സേവനമാണ് പിഎസ്ജിക്ക്‌ ലഭിക്കാതിരിക്കുക. അതേസമയം ജൂലിയൻ ഡ്രാക്സ്ലർ പിഎസ്ജി നിരയിൽ മടങ്ങിയെത്തുമെന്ന് ഇവർ സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റു പ്രശ്നങ്ങൾ ഒന്നും തന്നെ ടീമിലില്ല. കഴിഞ്ഞ മത്സരത്തിൽ യുണൈറ്റഡിനെ തകർത്ത നെയ്മർ, എംബാപ്പെ, കീൻ ത്രയം തന്നെയായിരിക്കും പിഎസ്ജിയുടെ ആക്രമണങ്ങളെ നയിക്കുക. ഇരുവരും ഏറ്റുമുട്ടിയ ആദ്യമത്സരത്തിൽ മോയ്സെ കീനിന്റെ ഇരട്ടഗോൾ മികവിൽ പിഎസ്ജി വിജയം സ്വന്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *