ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായാൽ ബാഴ്സക്ക് നേരിടേണ്ടി വരിക വൻ സാമ്പത്തിക നഷ്ടവും!
യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണക്ക് സമനില വഴങ്ങേണ്ടി വന്നിരുന്നു.3-3 എന്ന സ്കോറിന് ഇന്റർ മിലാനായിരുന്നു ബാഴ്സയെ സമനിലയിൽ തളച്ചത്. ഇതോടെ ബാഴ്സ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്താവുന്നതിന്റെ തൊട്ടരികിൽ എത്തിനിൽക്കുകയാണ്.
ഇനി ബാഴ്സക്ക് ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിൽ പ്രവേശിക്കണമെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കണം. രണ്ടു മത്സരങ്ങളിൽ നിന്ന് ഇന്റർ മിലാൻ മൂന്ന് പോയിന്റുകൾ നേടാതിരിക്കുകയും ബാഴ്സ ബയേൺ,വിക്ടോറിയ പിൽസൻ എന്നിവരെ പരാജയപ്പെടുത്തുകയും ചെയ്താൽ മാത്രമേ ബാഴ്സക്ക് മുന്നോട്ടു പോകാൻ സാധിക്കുകയുള്ളൂ. ചുരുക്കത്തിൽ വളരെ കുറഞ്ഞ സാധ്യതകൾ മാത്രമാണ് ബാഴ്സക്ക് ചാമ്പ്യൻസ് ലീഗിൽ അവശേഷിക്കുന്നത്.
🚨 La eliminación del Barça de la Champions, un duro golpe
— Mundo Deportivo (@mundodeportivo) October 12, 2022
💰 Más de 20 millones https://t.co/03FC6cjm0r
മാത്രമല്ല ചാമ്പ്യൻസ് ലീഗിൽ നിന്നും ബാഴ്സ പുറത്തായാൽ അത് സാമ്പത്തികപരമായും ബാഴ്സക്ക് വലിയ തിരിച്ചടി ഏൽപ്പിക്കും. അതായത് ബാഴ്സ ക്വാർട്ടർ ഫൈനൽ വരെ എത്തുകയാണെങ്കിൽ 21 മില്യൺ യൂറോയാണ് ലഭിക്കുക. പുറത്താവുന്നതോടുകൂടി ഈ തുകയാണ് ബാഴ്സക്ക് നഷ്ടമാവുക.
ഇത്തവണ ചാമ്പ്യൻസ് ലീഗ് അധികൃതർ സമ്മാനത്തുകള്‍ വർദ്ധിപ്പിച്ചിരുന്നു. അതേസമയം ഇനി ബാഴ്സ യൂറോപ ലീഗ് കിരീടം നേടിയാൽ പോലും ഇത്രയധികം തുക അവർക്ക് ലഭിക്കില്ല. ചുരുക്കത്തിൽ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ബാഴ്സക്ക് ആശ്വാസമാകുന്ന ഒരു തുകയായിരുന്നു ഇത്.എന്നാൽ അതുപോലും നേടാനാവാതെ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്താവുന്നതിന്റെ തൊട്ടരികിലാണ് നിലവിൽ ബാഴ്സയുള്ളത്. കഴിഞ്ഞ തവണ യൂറോപ ലീഗിൽ ബാഴ്സക്ക് കളിക്കേണ്ടി വന്നിരുന്നു. ഇത്തവണയും ഒരുപക്ഷേ ബാഴ്സക്ക് യൂറോപ ലീഗിൽ കളിക്കേണ്ടി വന്നേക്കും.