ചാമ്പ്യൻസ് ലീഗിൽ ഗോളടിയിൽ റെക്കോർഡിട്ട് മെസ്സി

ഇന്ന് പുലർച്ചെ നടന്ന ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ മത്സരത്തിൽ നാപ്പോളിക്കെതിരെ ഗോളടിച്ചതോടെ പുതിയ റെക്കോർഡ് കുറിച്ചിരിക്കുകയാണ് മെസ്സി. ചാമ്പ്യൻസ് ലീഗിൽ ഏറ്റവും അധികം വ്യത്യസ്ത എതിരാളികൾക്കെതിരെ ഗോളടിച്ച റെക്കോർഡാണ് മെസ്സിയെ തേടിയെത്തിയിരിക്കുന്നത്. നാപ്പോളിക്കെതിരെ ഗോളടിച്ചതോടെ അദ്ദേഹം ചാമ്പ്യൻസ് ലീഗിൽ 35 വ്യത്യസ്ത ക്ലബ്ബുകൾക്കെതിരെ ഗോളുകൾ നേടിക്കഴിഞ്ഞു. രണ്ടാം സ്ഥാനത്തുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോ 33 ടീമുകൾക്കെതിരെയാണ് ഗോളുകൾ അടിച്ചിട്ടുള്ളത്. ചാമ്പ്യൻസ് ലീഗിൻ്റെ ചരിത്രത്തിൽ ഏറ്റവും അധികം ഗോളുകൾ നേടിയ രണ്ടാമത്തെ താരം കൂടിയാണ് മെസ്സി. 115 ഗോളുകളാണ് ചാമ്പ്യൻസ് ലീഗിൽ മെസ്സി ഇതുവരെ നേടിയിട്ടുള്ളത്. ഇക്കാര്യത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഒന്നാമത്. അദ്ദേഹത്തിൻ്റെ പേരിൽ 130 ചാമ്പ്യൻസ് ലീഗ് ഗോളുകൾ ഉണ്ട്.

ഇന്ന് നടന്ന ബാഴ്സലോണ vs നാപ്പോളി മത്സരത്തിൽ പിറന്ന മറ്റു റെക്കോർഡുകൾ:

  • 2006/07 സീസണ് ശേഷം FC ബാഴ്സലോണ എല്ലാ സീസണുകളിലും ചാമ്പ്യൻസ് ലീഗിൻ്റെ ക്വോർട്ടറിൽ കടന്നിട്ടുണ്ട്. തുടർച്ചയായ പതിമൂന്നാം സീസണിലാണ് അവർ ക്വോർട്ടറിൽ എത്തുന്നത്. ചാമ്പ്യൻസ് ലീഗിൽ മറ്റൊരു ടീമും ഇത്രയധികം സീസണുകളിൽ തുടർച്ചയായി ക്വോർട്ടർ ഫൈനലിൽ എത്തിയിട്ടില്ല.
  • നാപ്പോളിക്കെതിരെ ബാഴ്സലോണക്കായി മെസ്സി നേടിയ ഗോളിന് ഒരു പ്രത്യേകതയുണ്ട്. ബാഴ്സയുടെ 11 താരങ്ങളും ആ നീക്കത്തിൽ പന്ത് ടച്ച് ചെയ്തിരുന്നു!
  • ഈ മത്സരത്തിൽ വിജയിച്ചതോടെ ക്യാമ്പ് നൗവിൽ ചാമ്പ്യൻസ് ലീഗിലെ ബാഴ്സയുടെ അൺബീറ്റൺ റൺ മുപ്പത്തിയഞ്ചാമത്തെ മത്സരത്തിലേക്ക് കടന്നിരിരിക്കുന്നു (31 വിജയം, 4 സമനില). 1969 മുതൽ 91 വരെ സ്വന്തം മൈതാനത്ത് തോൽവി അറിയാതെ 43 മത്സരങ്ങൾ കളിച്ച ബയേൺ മ്യൂണിക്ക് മാത്രമാണ് ഇക്കാര്യത്തിൽ ബാഴ്സയുടെ മുന്നിലുള്ളത്.
  • ഈ മത്സരത്തിൽ ലെംഗ്ലെറ്റ് നേടിയ ഗോൾ ബാഴ്സയുടെ അറുനൂറാമത്തെ ചാമ്പ്യൻസ് ലീഗ് ഗോളായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *