ചാമ്പ്യൻസ് ലീഗിലെ അർജന്റൈൻ താരങ്ങൾ, ഇനിയുള്ളത് അഞ്ച് പേർ!

ഈ സീസണിലെ ചാമ്പ്യൻസ് ലീഗിലെ സെമി ഫൈനൽ ലൈനപ്പ് കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. കരുത്തരായ നാല് ടീമുകളാണ് ഇത്തവണ സെമി ഫൈനലിൽ മാറ്റുരക്കുന്നത്. തോമസ് ടുഷേലിന്റെ ചെൽസി പതിമൂന്ന് തവണ ചാമ്പ്യൻസ് ലീഗിൽ മുത്തമിട്ട റയൽ മാഡ്രിഡിനെയാണ് നേരിടുക. അതേസമയം സൂപ്പർ താരങ്ങൾ അടങ്ങുന്ന പിഎസ്ജി പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയെയും നേരിടും. ഈ നാല് ടീമുകളിലായി ആകെ അഞ്ച് അർജന്റൈൻ താരങ്ങളാണ് ഇനി ചാമ്പ്യൻസ് ലീഗിൽ അവശേഷിക്കുന്നത്. അർജന്റൈൻ മാധ്യമമായ മുണ്ടോ ആൽബിസെലസ്റ്റയാണ് ഇക്കാര്യം വിലയിരുത്തിയിരിക്കുന്നത്.

കരുത്തരായ പിഎസ്ജിയിലാണ് ഏറ്റവും കൂടുതൽ അർജന്റൈൻ സാന്നിധ്യമുള്ളത്. മൂന്ന് അർജന്റൈൻ താരങ്ങളും ഒരു പരിശീലകനും പിഎസ്ജിക്ക് സ്വന്തമാണ്. പരിശീലകനായ മൗറിസിയോ പോച്ചെട്ടിനോ, സൂപ്പർ താരങ്ങളായ എയ്ഞ്ചൽ ഡിമരിയ, മൗറോ ഇകാർഡി, ലിയാൻഡ്രോ പരേഡസ് എന്നിവരാണ് അർജന്റൈൻ സാന്നിധ്യങ്ങൾ. ഇതിൽ പരേഡസ്, ഡിമരിയ എന്നിവർക്ക് ആദ്യഇലവനിൽ ഇടം ലഭിക്കാറുണ്ട്. ഇനി മറ്റൊരു താരം സിറ്റിയുടെ സൂപ്പർ സ്‌ട്രൈക്കർ അഗ്വേറൊയാണ്. താരത്തിന്റെ സിറ്റി ജേഴ്സിയിൽ ഉള്ള അവസാനസീസണാണിത്. കഴിഞ്ഞ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ താരത്തിന് ആദ്യഇലവനിൽ ഇടം ലഭിച്ചിട്ടില്ലായിരുന്നു. അതേസമയം ചെൽസിയുടെ വില്ലി കബല്ലേറോയാണ് മറ്റൊരു അർജന്റീന താരം.ഗോൾകീപ്പറായ ഇദ്ദേഹം ബെഞ്ചിലായിരിക്കും. അതേസമയം റയലിൽ ഒരൊറ്റ അർജന്റൈൻ സാന്നിധ്യവുമില്ല. ഏതായാലും ഒരു അർജന്റൈൻ താരത്തിന് ഫൈനലിൽ പ്രവേശിക്കാൻ സാധിക്കുമെന്നുറപ്പാണ്. പിഎസ്ജി-സിറ്റി പോരാട്ടത്തിലെ വിജയകളെ ആശ്രയിച്ചാണ് ഇതിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *