ഗ്വാർഡിയോള Vs സിമയോണി,മുൻ‌തൂക്കം ആർക്ക്? കണക്കുകൾ ഇതാ!

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ കരുത്തരുടെ മത്സരമാണ് ഫുട്ബോൾ ആരാധകരെ കാത്തിരിക്കുന്നത്. പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളികൾ സ്പാനിഷ് കരുത്തരായ അത്ലറ്റിക്കോ മാഡ്രിഡാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ന് സിറ്റിയുടെ മൈതാനമായ ഇത്തിഹാദിൽ വെച്ചാണ് ആദ്യപാദ പോരാട്ടം അരങ്ങേറുക.

ഈ മത്സരത്തെ ആകർഷകമാക്കുന്ന പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന് രണ്ട് സൂപ്പർ പരിശീലകർ തമ്മിൽ മുഖാമുഖം വരുന്നു എന്നുള്ളതാണ്.പെപ് ഗ്വാർഡിയോളയും ഡിയഗോ സിമയോണിയും നേർക്കുനേർ വരുമ്പോൾ ആരുടെ തന്ത്രമായിരിക്കും വിജയിക്കുക എന്നുള്ളതാണ് ആരാധകർക്ക് അറിയേണ്ടത്.എന്നാൽ മുൻകാല കണക്കുകൾ എടുത്തു പരിശോധിക്കുമ്പോൾ നേരിയ ഒരു മുൻതൂക്കം ഗ്വാർഡിയോളക്കുള്ളതായി നമുക്ക് കാണാൻ സാധിക്കും.

ഇതുവരെ മൂന്നുതവണയാണ് പെപ്പും സിമയോണിയും നേർക്കുനേർ വന്നിട്ടുള്ളത്. അതിൽ രണ്ടു തവണ പെപ് വിജയിച്ചപ്പോൾ ഒരു സിമയോണി വിജയിക്കുകയായിരുന്നു.2012 ഫെബ്രുവരിയിൽ ലാലിഗയിൽ നടന്ന മത്സരത്തിൽ ബാഴ്സയും അത്ലറ്റിക്കോയും മുഖാമുഖം വന്നിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അന്ന് പെപിന്റെ ബാഴ്സ വിജയിക്കുകയായിരുന്നു.പിന്നീട് ചാമ്പ്യൻസ് ലീഗിൽ ബയേണും അത്ലറ്റിക്കോയും തമ്മിൽ മുഖാമുഖം വന്നു. ആദ്യപാദ മത്സരത്തിൽ അത്ലറ്റിക്കോ വിജയിക്കുകയായിരുന്നു. എന്നാൽ രണ്ടാംപാദത്തിൽ അത്ലറ്റിക്കോയെ കീഴടക്കാൻ പെപിന്റെ ബയേണിന് സാധിച്ചിരുന്നു.

അവസാനമായി കളിച്ച അഞ്ച് മത്സരങ്ങളും വിജയിച്ചു കൊണ്ടാണ് അത്ലറ്റിക്കോ മാഡ്രിഡ് ഈ മത്സരത്തിന് എത്തുന്നത്. സിറ്റിയുടെ കാര്യത്തിലേക്ക് വന്നാൽ അവസാനത്തെ അഞ്ച് മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ മാത്രമാണ് അവർക്ക് വിജയിക്കാൻ സാധിച്ചിട്ടുള്ളത്.ഏതായാലും ഒരു തീപാറും പോരാട്ടം ആയിരിക്കും ഇന്ന് നടക്കുക എന്നുള്ള കാര്യത്തിൽ ആരാധകർക്ക് സംശയമില്ല.

Leave a Reply

Your email address will not be published. Required fields are marked *