ഗ്രീലിഷിന്റെ മുഖത്തേക്ക് പന്തടിച്ച് കൊറേയ,ഇടപ്പെട്ട് പെപ്!
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന ആദ്യപാദ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി വിജയം നേടിയിരുന്നു. എതിരില്ലാത്ത ഒരു ഗോളിന് അത്ലറ്റിക്കോ മാഡ്രിഡിനെയാണ് സിറ്റി പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ എഴുപതാം മിനുട്ടിൽ സൂപ്പർതാരം ഡി ബ്രൂയിന നേടിയ ഗോളാണ് സിറ്റിക്ക് വിജയം സമ്മാനിച്ചത്.
ഈ മത്സരത്തിനിടെ ഇരു ടീമിലേയും താരങ്ങൾ ഏറ്റുമുട്ടിയ ഒരു സംഭവവികാസം അരങ്ങേറിയിരുന്നു.മത്സരത്തിന്റെ 83-ആം മിനുട്ടിലായിരുന്നു ഇത്.അതായത് നിലത്ത് വീണു കിടക്കുന്ന മാഞ്ചസ്റ്റർ സിറ്റി സൂപ്പർതാരമായ ജാക്ക് ഗ്രീലിഷിന്റെ മുഖത്തേക്ക് മനപ്പൂർവ്വം അത്ലറ്റിക്കോ താരമായ എയ്ഞ്ചൽ കൊറേയ പന്ത് അടിക്കുകയായിരുന്നു.ഇതോടെ സിറ്റി താരങ്ങൾ കൊറേയക്ക് നേരെ പാഞ്ഞെടുക്കുകയായിരുന്നു. പിന്നീട് ഇരു ടീമിലേയും താരങ്ങൾ തമ്മിൽ വാഗ്വാദത്തിൽ ഏർപ്പെടുകയായിരുന്നു.
Pep Guardiola demands 'control' after dragging Jack Grealish away from clash with Atletico Madrid players | @TelegraphDucker https://t.co/3u3alRTA1w
— Telegraph Football (@TeleFootball) April 5, 2022
ഇതിനിടെ നിലത്ത് നിന്ന് എഴുന്നേറ്റ ഗ്രീലിഷ് കൊറേയയുമായി കൊമ്പ് കോർക്കാൻ പോവുകയായിരുന്നു. എന്നാൽ ഉടൻതന്നെ മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോള ഇതിൽ ഇടപെട്ടു കൊണ്ട് ഗ്രീലിഷിനെ പിടിച്ചു മാറ്റുകയായിരുന്നു. പെപിന്റെ അവസരോചിത ഇടപെടൽ കൂടുതൽ പ്രശ്നങ്ങളെ തടയുകയായിരുന്നു.തുടർന്ന് എയ്ഞ്ചൽ കൊറേയക്ക് റഫറി യെല്ലോ കാർഡ് നൽകുകയും ചെയ്തു.
ഏതായാലും ആദ്യപാദം പിന്നിട്ടു കഴിയുമ്പോൾ ഒരു ഗോളിന്റെ മുൻതൂക്കം മാഞ്ചസ്റ്റർ സിറ്റിക്ക് തന്നെയാണ്. ഏപ്രിൽ പതിമൂന്നാം തീയതി അത്‌ലറ്റികോ മാഡ്രിഡിന്റെ മൈതാനത്ത് വെച്ചാണ് രണ്ടാംപാദ മത്സരം അരങ്ങേറുക.