ഗോളടിച്ച് മെസ്സിയും ഡെംബലെയും, ബാഴ്‌സക്ക് മുന്നിൽ യുവന്റസ് തകർന്നു !

യുവേഫ ചാമ്പ്യൻസ് ലീഗിൽ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരുന്ന പോരാട്ടത്തിൽ എഫ്സി ബാഴ്സലോണക്ക് വിജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബാഴ്സ ഇറ്റാലിയൻ കരുത്തരായ യുവന്റസിനെ തകർത്തത്. ബാഴ്സക്ക് വേണ്ടി സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും ഉസ്മാൻ ഡെംബലെയുമാണ് ഗോളുകൾ കണ്ടെത്തിയത്. മറുഭാഗത്ത് അൽവാരോ മൊറാറ്റ മൂന്ന് ഗോളുകൾ നേടിയെങ്കിലും മൂന്ന് ഓഫ്‌സൈഡ് ആവുകയായിരുന്നു. മത്സരത്തിൽ യുവന്റസിന് മേൽ ആധിപത്യം പുലർത്താൻ ബാഴ്സക്ക് സാധിച്ചിരുന്നു. മെസ്സി, ഗ്രീസ്‌മാൻ തുടങ്ങിയവർക്ക് ഗോൾ നേടാനുള്ള അവസരങ്ങൾ ലഭിച്ചിരുന്നുവെങ്കിലും മുതലെടുക്കാനാവാതെ പോയത് സ്കോർ ഉയരാതിരിക്കാൻ കാരണമായി. ജയത്തോടെ ഗ്രൂപ്പിൽ ഒന്നാമതെത്താൻ ബാഴ്സക്ക് സാധിച്ചു. രണ്ട് മത്സരങ്ങളിലും ജയം ആറു പോയിന്റോടെ തലപ്പത്താണ് ബാഴ്‌സ.

ഫാറ്റിയെ പുറത്തിരുത്തി കൊണ്ടാണ് കൂമാൻ ഫസ്റ്റ് ഇലവനെ പുറത്ത് വിട്ടത്. പകരം ഡെംബലെ ഇടം നേടിയപ്പോൾ കൂട്ടീഞ്ഞോക്ക് പകരമായി പെഡ്രി സ്ഥാനം കണ്ടെത്തി. പതിനാലാം മിനുട്ടിൽ ഡെംബലെയാണ് ഗോൾ വലചലിപ്പിച്ചത്. താരത്തിന്റെ ഷോട്ട് യുവന്റസ് താരത്തിന്റെ കാലിൽ തട്ടി വലയിൽ പതിക്കുകയായിരുന്നു. പിന്നീട് ഗോൾ നേടാൻ ബാഴ്സക്ക് അവസരങ്ങൾ ഉണ്ടായെങ്കിലും സാധിച്ചില്ല. മറുഭാഗത്ത് അൻപത്തിയഞ്ചാം മിനുട്ടിലും മൊറാറ്റ ഗോൾ നേടിയെങ്കിലും ഓഫ്‌സൈഡ് ആവുകയായിരുന്നു. 85-ആം മിനിറ്റിൽ മെറിഹ് ഡെമിറാൽ രണ്ടാം യെല്ലോ കാർഡും കണ്ടു പുറത്തു പോയത് ബാഴ്‌സക്ക് അനുകൂലമായി. 91-ആം മിനുട്ടിൽ ബാഴ്‌സ രണ്ടാം ഗോളും നേടി അൻസു ഫാറ്റിയെ ബോക്സിനകത്ത് വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി മെസ്സി ലക്ഷ്യം കാണുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *