ഗംഭീരസ്വീകരണം നൽകി ആരാധകർ, പിഎസ്ജി താരങ്ങൾ ഹോട്ടലിൽ മടങ്ങിയെത്തി!

ആവേശഭരിതമായ ഒരു മത്സരം കാഴ്ച്ചവെച്ചപ്പോഴും പിഎസ്ജിയെ സംബന്ധിച്ചെടുത്തോളം ദുഃഖകരമായ ഒരു കാര്യം തങ്ങളുടെ പ്രിയപ്പെട്ട ആരാധകർ അതിനു സാക്ഷ്യം വഹിക്കാൻ സ്റ്റേഡിയത്തിൽ ഇല്ലാ എന്നുള്ളതാണ്. തീർച്ചയായും ഇത്തരം മത്സരങ്ങളിൽ ആരാധകർ കൂടെയുണ്ടെങ്കിൽ മത്സരത്തിന്റെ മാറ്റ് ഇരട്ടിവർധിക്കുമായിരുന്നു എന്ന കാര്യത്തിൽ സംശയമില്ല. എന്നിരുന്നാലും ഒരുപാട് കാത്തിരിപ്പുകൾക്ക് ശേഷം തങ്ങളുടെ ടീം ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനലിൽ കടന്നതിന്റെ ആവേശത്തിലാണ് പിഎസ്ജി ആരാധകർ. നിരവധി ആരാധകരാണ് താരങ്ങളെ സ്വീകരിക്കാൻ വേണ്ടി പിഎസ്ജിയുടെ ഹോട്ടലിന് വെളിയിൽ എത്തിയത്. താരങ്ങളുടെ പേര് മുഴക്കിയും ചാന്റ് വിളിച്ചും അക്ഷരാർത്ഥത്തിൽ ആഘോഷമാക്കുകയായിരുന്നു ആരാധകർ. കോവിഡ് പ്രോട്ടോകോൾ ഒക്കെ നിലവിൽ ഉണ്ടായിരുന്നത് കൊണ്ട് ആഘോഷങ്ങൾ അല്പം നിറംമങ്ങലേറ്റെങ്കിലും തങ്ങളാലാവും വിധം ആരാധകർ പിഎസ്ജിക്ക് പിന്തുണയർപ്പിച്ചു.

ഏറെ കാലങ്ങൾക്ക് ശേഷം ഇതാദ്യമായാണ് പിഎസ്ജി സെമി ഫൈനലിൽ കയറുന്നത്. 1994-95 സീസണിലായിരുന്നു ഇതിന് മുൻപ് പിഎസ്ജി അവസാനമായി സെമി ഫൈനൽ കണ്ടത്. നെയ്മർ ജൂനിയർ ടീമിലെത്തിയ ശേഷം ഏറ്റവും കൂടുതൽ പ്രതീക്ഷകൾ വെച്ചു പുലർത്താൻ പിഎസ്ജിക്ക് കഴിഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് ചാമ്പ്യൻസ് ലീഗിലും പ്രീ ക്വാർട്ടറിൽ പുറത്താവാനായിരുന്നു വിധി. റയൽ മാഡ്രിഡ്‌, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ടീമുകളോടായിരുന്നു പിഎസ്ജി പുറത്തായത്. കൂടാതെ പരിക്ക് മൂലം നെയ്മർ കളിച്ചിട്ടുമുണ്ടായിരുന്നില്ല. ഏതായാലും ഇത്തവണ ആരാധകർക്ക് ഒരുപിടി പ്രതീക്ഷകൾ ആണുള്ളത്. കരുത്തരായ ബാഴ്സ, ബയേൺ, സിറ്റി എന്നിവരൊക്കെ പിഎസ്ജിയുടെ കിരീടത്തിലേക്കുള്ള കുതിപ്പിന് തടയിടാൻ കഴിയുന്നവരാണ്. പക്ഷെ ഈ വർഷമാണ് പിഎസ്ജി ആരാധകർ ഏറ്റവും കൂടുതൽ പ്രതീക്ഷകൾ വെച്ചു പുലർത്തുന്ന വർഷം.

Leave a Reply

Your email address will not be published. Required fields are marked *