ക്രിസ്റ്റ്യാനോക്ക് മാത്രമല്ല, മറ്റൊരു ഇതിഹാസത്തിനും അവാർഡ് പ്രഖ്യാപിച്ച് യുവേഫ!
ഈ സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് ഇന്നാണ് നടക്കുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 9:30നാണ് ഈ ചടങ്ങ് ആരംഭിക്കുക. ഫ്രാൻസിലെ മൊണാക്കോയിൽ വെച്ചു കൊണ്ടാണ് ഈ നറുക്കെടുപ്പ് നടക്കുന്നത്.യുവേഫയുടെ ഒഫീഷ്യൽ വെബ്സൈറ്റിൽ ഇത് തൽസമയം കാണാൻ സാധിക്കും.
ഈ വേദിയിൽ വെച്ചു കൊണ്ട് തന്നെയാണ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആദരിക്കപ്പെടുക. ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോക്ക് ഒരു സ്പെഷ്യൽ അവാർഡ് സമ്മാനിക്കുമെന്ന് യുവേഫ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.യുവേഫയുടെ പ്രസിഡണ്ടായ സെഫറിനാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് മാത്രമല്ല, മറ്റൊരു ഇതിഹാസമായ ജിയാൻലൂയിജി ബുഫണും യുവേഫ ഒരു അവാർഡ് പ്രഖ്യാപിച്ചിട്ടുണ്ട്.
ബുഫണിന്റെ ഐതിഹാസികമായ കരിയറിനുള്ള ആദരവ് എന്ന നിലയിലാണ് യുവേഫയുടെ പ്രസിഡൻസ് അവാർഡ് ലഭിക്കുക. 28 വർഷത്തോളം നീണ്ട ഫുട്ബോൾ കരിയർ അവകാശപ്പെടാൻ സാധിക്കുന്ന ഇതിഹാസമാണ് ഈ ഗോൾകീപ്പർ. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച ഗോൾകീപ്പർ എന്ന റെക്കോർഡ് ബുഫണിന്റെ പേരിലാണ് ഉള്ളത്.ഇറ്റാലിയൻ ദേശീയ ടീമിന് വേണ്ടി 176 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം കൂടിയാണ് ഇദ്ദേഹം.
1995 നവംബറിലായിരുന്നു ഈ ഗോൾകീപ്പർ തന്റെ കരിയർ ആരംഭിച്ചിരുന്നത്.ഒരു വർഷം മുൻപാണ് അദ്ദേഹം തന്റെ കരിയർ അവസാനിപ്പിച്ചത്.2023ൽ മിറോസ്ലാവ് ക്ലോസെക്ക് യുവേഫയുടെ പ്രെസിഡൻസ് അവാർഡ് ലഭിച്ചിരുന്നു. അതിനുശേഷം ഈ പുരസ്കാരം നേടുന്ന ആദ്യത്തെ വ്യക്തിയാവാൻ ഇതോടെ ബുഫണിന് സാധിക്കും.