കോർട്ടുവയെ കൂവി ചെൽസി ആരാധകർ,തകർപ്പൻ സേവിലൂടെ മറുപടിയുമായി താരം!
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന ആദ്യപാദ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ചെൽസിയെ പരാജയപ്പെടുത്താൻ റയലിന് സാധിച്ചിരുന്നു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് റയൽ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ വിജയം നേടിയത്. സൂപ്പർ താരം കരിം ബെൻസിമയുടെ ഹാട്രിക്കാണ് റയലിന് ഇത്തരത്തിലുള്ള വിജയം സമ്മാനിച്ചത്.
ഈ മത്സരത്തിനിടെ പലപ്പോഴും ചെൽസി ആരാധകർ തങ്ങളുടെ മുൻ താരമായ തിബൌട്ട് കോർട്ടുവയെ കൂവി വിളിച്ചിരുന്നു.താരം ക്ലബ് വിട്ട രീതിയോടുള്ള പ്രതിഷേധമായിരുന്നു ഇത്. എന്നാൽ മത്സരത്തിൽ തകർപ്പൻ പ്രകടനം നടത്തി കൊണ്ടാണ് കോർട്ടുവ ഇതിന് മറുപടി നൽകിയത്.ചെൽസി താരം അസ്പിലിക്യൂട്ടയുടെ ഒരു ഗോൾനീക്കം മിന്നുന്ന സേവിലൂടെയാണ് കോർട്ടുവ രക്ഷപ്പെടുത്തിയത്.
COURTOIS IS NOT REAL pic.twitter.com/rVavZm3AcS
— ً (@idoxzi) April 6, 2022
ഏതായാലും ഈ മത്സരത്തെക്കുറിച്ച് ചില കാര്യങ്ങൾ കോർട്ടുവ പങ്കു വെച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ബുദ്ധിമുട്ടേറിയ ഒരു ഗ്രൗണ്ടിലാണ് ഞങ്ങൾ മികച്ച ഒരു വിജയം നേടിയത്.നല്ല രൂപത്തിലാണ് ഞങ്ങൾ മത്സരം ആരംഭിച്ചത്. അവസരങ്ങൾ ഉണ്ടാക്കിയെടുക്കാൻ ഞങ്ങൾക്ക് സാധിച്ചു.പക്ഷെ ഇത് അവസാനിച്ചു എന്ന് ഞങ്ങൾക്ക് കരുതാനാവില്ല.ഫുട്ബോൾ ഇങ്ങനെയാണ്. അവർക്ക് തിരിച്ചുവരാൻ അവസരമുണ്ട്. രണ്ടാം പാദവും വിജയിക്കേണ്ടതുണ്ട് എന്ന ലെവലിൽ സ്വന്തം ആരാധകർക്ക് മുന്നിൽ ഞങ്ങൾ കളിക്കേണ്ടതുണ്ട് ” ഇതാണ് കോർട്ടുവ പറഞ്ഞത്.
ഏപ്രിൽ 12-ആം തിയ്യതിയാണ് രണ്ടാം പാദമത്സരം അരങ്ങേറുക.റയലിന്റെ മൈതാനമായ സാന്റിയാഗോ ബെർണാബുവിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക.