കളത്തിൽ ഒരു ടീമിനെ മാത്രമാണ് ഞാൻ കണ്ടത് :റയൽ വിജയിച്ചത് ഭാഗ്യം കൊണ്ടാണെന്ന് റോഡ്രി

യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന രണ്ടാം പാദ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ വിജയം സ്വന്തമാക്കാൻ റയൽ മാഡ്രിഡിന് കഴിഞ്ഞിരുന്നു. മാഞ്ചസ്റ്റർ സിറ്റിയുടെ തട്ടകമായ ഇത്തിഹാദിൽ വെച്ച് നടന്ന മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് റയൽ സിറ്റിയെ പരാജയപ്പെടുത്തിയത്. ഇതോടെ റയൽ സെമിയിലേക്ക് പ്രവേശിക്കുകയും മാഞ്ചസ്റ്റർ സിറ്റി പുറത്താവുകയും ചെയ്തു. മത്സരത്തിൽ സമ്പൂർണ്ണ ആധിപത്യം മാഞ്ചസ്റ്റർ സിറ്റി പുലർത്തിയെങ്കിലും റയൽ പ്രതിരോധത്തെ മറികടക്കാൻ അവർക്ക് സാധിച്ചിരുന്നില്ല.

ഇത്തിഹാദിൽ പ്രതിരോധത്തിൽ ഊന്നിയ കളി ശൈലി തന്നെയാണ് റയൽ മാഡ്രിഡ് പുറത്തെടുത്തത്. സിറ്റിയെക്കൊണ്ട് ഗോളടിപ്പിക്കാതിരിക്കുന്നതിൽ റയൽ മാഡ്രിഡ് വിജയിക്കുകയായിരുന്നു. എന്നാൽ റയലിന്റെ ഡിഫൻസീവ് കളിശൈലിയെ വിമർശിച്ചുകൊണ്ട് മാഞ്ചസ്റ്റർ സിറ്റി സൂപ്പർ താരം റോഡ്രി രംഗത്ത് വന്നിട്ടുണ്ട്. കളിക്കളത്തിൽ ഒരു ടീമിനെ മാത്രമാണ് താൻ കണ്ടതെന്നും ഭാഗ്യം കൊണ്ടാണ് റയൽ മാഡ്രിഡ് വിജയിച്ചത് എന്നുമാണ് റോഡ്രി പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഇന്നത്തെ മത്സരത്തിൽ ഞാൻ ഒരു ടീമിനെ മാത്രമാണ് കളിക്കളത്തിൽ കണ്ടത്.അവർ ബുദ്ധിമുട്ടേണ്ടി വരും എന്ന് അവർക്ക് അറിയാമായിരുന്നു.അവർ ഡിഫൻഡ് ചെയ്തു.റയൽ മാഡ്രിഡ് എത്രത്തോളം കഠിനമായതാണ് എന്നത് ഞങ്ങൾക്കറിയാം. പക്ഷേ എല്ലാം പരിഗണിക്കുമ്പോൾ ഞങ്ങളാണ് മുന്നോട്ട് പോകേണ്ടിയിരുന്നത്.പക്ഷേ ഈ കോമ്പറ്റീഷനിൽ എങ്ങനെ മുന്നോട്ടു പോകണം എന്നുള്ളത് അവർക്കറിയാം.ആ കാര്യത്തിൽ ഞാൻ അവരെ അഭിനന്ദിക്കുന്നു. ഇതിന് വിശദീകരണം നൽകുക എന്നുള്ളത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അവർക്ക് ഒരു അവസരം ലഭിച്ചു, അതവർ ഗോളാക്കുകയും ചെയ്തു. പെനാൽറ്റിയിൽ ഭാഗ്യം അവരുടെ കൂടെയായിരുന്നു.അങ്ങനെയാണ് അവർ വിജയിച്ചത്. ശരിക്കും ഞങ്ങളാണ് ഈ മത്സരത്തിൽ വിജയം അർഹിച്ചിരുന്നത് “ഇതാണ് റോഡ്രി പറഞ്ഞിട്ടുള്ളത്.

നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി കഴിഞ്ഞ തവണ റയൽ മാഡ്രിഡിനെ പുറത്താക്കിയിരുന്നു.എന്നാൽ ഇത്തവണ അതിന് സാധിച്ചില്ല. സെമിഫൈനലിൽ റയൽ മാഡ്രിഡിന്റെ എതിരാളികൾ ബയേൺ മ്യൂണിക്കാണ്. മറ്റൊരു സെമിഫൈനലിൽ പിഎസ്ജിയും ബോറൂസിയയും തമ്മിൽ ഏറ്റുമുട്ടും.

Leave a Reply

Your email address will not be published. Required fields are marked *