എംബാപ്പെയും വെറാറ്റിയും കളിക്കുമോ? ആരാധകർക്ക് പ്രതീക്ഷ നൽകി ടുഷേലിന്റെ മറുപടി !

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ അറ്റലാന്റയെ നേരിടാനൊരുങ്ങുന്ന പിഎസ്ജി ലഭിച്ച ഏറ്റവും വലിയ തിരിച്ചടി എംബാപ്പെയുടെയും വെറാറ്റിയുടെയും പരിക്കുകൾ ആയിരുന്നു എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. മുന്നേറ്റനിരയിൽ എംബാപ്പെയും മധ്യനിരയിൽ വെറാറ്റിയും വളരെ നിർണായകമായ താരങ്ങൾ ആയിരുന്നു പിഎസ്ജിക്ക്. എന്നാൽ സെന്റ് എറ്റിനിക്കെതിരെ എംബാപ്പെക്ക് പരിക്കേറ്റതും പരിശീലനത്തിനിടെ വെറാറ്റിക്ക് പരിക്കേറ്റതും പിഎസ്ജിയെ കൂടുതൽ പ്രതിരോധത്തിലേക്ക് തള്ളിയിടുകയായിരുന്നു. എന്നാൽ എംബാപ്പെയുടെ കാര്യത്തിൽ ആരാധകർക്ക് വളരെയധികം ആശ്വാസം പകരുന്ന വാർത്തയാണ് പരിശീലകൻ തോമസ് ടുഷേൽ ഇന്നലത്തെ പ്രെസ്സ് കോൺഫറൻസിൽ പങ്കുവെച്ചത്. അസാധാരണമായ ഒന്നും തന്നെ സംഭവിച്ചിട്ടില്ലെങ്കിൽ താരം നാളെ ടീമിൽ ഉണ്ടാവും എന്നാണ് അദ്ദേഹം അറിയിച്ചത്. പകരക്കാരന്റെ വേഷത്തിലെങ്കിലും എംബാപ്പെ കളത്തിലിറങ്ങാൻ സാധ്യതയുണ്ട് എന്നാണ് കണക്കുകൂട്ടലുകൾ. എന്നാൽ മാർക്കോ വെറാറ്റിയുടെ കാര്യത്തിൽ കാത്തിരിക്കേണ്ടതുണ്ടെന്നും ക്ഷമ കാണിക്കേണ്ടതുണ്ടെന്നും എന്നാണ് അദ്ദേഹം അറിയിച്ചത്.

” ഇന്ന് എംബാപ്പെ വളരെ നല്ല രീതിയിലാണ് പരിശീലനം നടത്തിയത്. ഇനി അസാധാരണമായ ഒന്നും തന്നെ സംഭവിച്ചിട്ടില്ലെങ്കിൽ നാളെ അദ്ദേഹം ടീമിനോടൊപ്പം ഉണ്ടാവും. മാർക്കോയുടെ കാര്യത്തിൽ നാം കുറച്ചു ക്ഷമയും കാത്തിരിപ്പും കാണിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ ആഴ്ച്ച അദ്ദേഹത്തിന് ഓടാൻ സാധ്യമല്ലായിരുന്നു.എന്നാൽ ഇന്നലെ അദ്ദേഹം ഓടാൻ ആരംഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പരിക്ക് ശരിക്കും പരിശീലനത്തിനിടെ സംഭവിച്ച ഒരു അപകടമായിരുന്നു. ശരിക്കും ഒരു നിർഭാഗ്യം തന്നെയായായിരുന്നു. എന്നാൽ നിലവിൽ ഞങ്ങൾ അദ്ദേഹത്തെ തിരിച്ചു കൊണ്ടു വരാനുള്ള ഒരുക്കത്തിലാണ് ” ടുഷേൽ പറഞ്ഞു. ഇന്ന് രാത്രി 12:30 നാണ് പിഎസ്ജിയും അറ്റലാന്റയും തമ്മിൽ മാറ്റുരക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *