എംബപ്പേ വെല്ലുവിളിയാവുമോ? ബയേൺ കോച്ച് പറയുന്നു!
ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന രണ്ടാം പാദ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ബയേണും പിഎസ്ജിയും തമ്മിൽ ഒരിക്കൽ കൂടി ഏറ്റുമുട്ടുകയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30ന് ബയേണിന്റെ മൈതാനത്ത് വെച്ചാണ് ഈ മത്സരം നടക്കുക.സ്വന്തം മൈതാനത്തെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടതിനാൽ ഇന്നത്തെ മത്സരത്തിൽ പിഎസ്ജിക്ക് വിജയം അനിവാര്യമാണ്.
ഈ മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ നിരവധി കാര്യങ്ങളെക്കുറിച്ച് ബയേൺ പരിശീലകൻ സംസാരിച്ചിരുന്നു. കൂട്ടത്തിൽ കിലിയൻ എംബപ്പേയെ കുറിച്ചും അദ്ദേഹം ഒരുപാട് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ടീമായി കൊണ്ട് അദ്ദേഹത്തെ തടയും എന്നാണ് നഗൽസ്മാൻ വ്യക്തമാക്കിയിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Kylian Mbappe has come a long way 😤 pic.twitter.com/DjtwFk5qMr
— GOAL (@goal) March 6, 2023
” കഴിഞ്ഞ മത്സരത്തിൽ കിലിയൻ എംബപ്പേ വന്നതോടുകൂടിയാണ് പിഎസ്ജിയുടെ കളി തന്നെ മാറിയത്.ലോകത്തിലെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാളാണ് എംബപ്പേ. തീർച്ചയായും അദ്ദേഹം കളിക്കളത്തിൽ ഉണ്ടെങ്കിൽ അത് വലിയ മാറ്റമുണ്ടാക്കും. ഈ മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ തന്നെ അദ്ദേഹം ഉണ്ടാവും.ഞങ്ങൾ ടീം ആയി കൊണ്ട് അദ്ദേഹത്തെ തടയാൻ ശ്രമിക്കും.പക്ഷേ ഞങ്ങൾക്ക് എപ്പോഴും പ്രതിരോധത്തിൽ മാത്രം നിൽക്കാൻ കഴിയില്ല.അങ്ങനെ നിന്നാൽ അത് ഞങ്ങൾക്ക് തിരിച്ചടിയാവുക തന്നെ ചെയ്യും. വളരെ കാര്യക്ഷമതയുള്ള താരമാണ് എംബപ്പേ.പക്ഷേ അദ്ദേഹത്തെ അഭിനന്ദിക്കാൻ അല്ല ഞങ്ങൾ ഇവിടെ ഇരിക്കുന്നത്.അദ്ദേഹം മികച്ച രീതിയിൽ കളിക്കുന്നത് ഞങ്ങൾ തടയേണ്ടതുണ്ട്.അദ്ദേഹം വളരെയധികം അപകടകാരിയാണ്. പക്ഷേ അദ്ദേഹത്തിന് പന്ത് ലഭിക്കാത്ത വിധം ഞങ്ങൾ കളിക്കേണ്ടതുണ്ട് ” ഇതാണ് ബയേൺ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
പരിക്കിൽ നിന്നും മുക്തനായി വന്നതിനുശേഷം തന്റെ മികവ് എംബപ്പേ തുടരുന്നുണ്ട്. അവസാനമായി മൂന്ന് മത്സരത്തിലും വിജയം നേടാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു. ആ മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ചു ഗോളുകളാണ് എംബപ്പേ കരസ്ഥമാക്കിയിട്ടുള്ളത്.