ഉജ്ജ്വലവിജയവുമായി യുണൈറ്റഡും ചെൽസിയും, വിജയമധുരം നുണഞ്ഞ് പിഎസ്ജിയും ബൊറൂസിയയയും!

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരങ്ങളിൽ വമ്പൻമാരെല്ലാം വിജയം കൊയ്തു. പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസിയും മാഞ്ചസ്റ്റർ യുണൈറ്റഡും ഉജ്ജ്വലവിജയമാണ് നേടിയത്. എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ആർബി ലീപ്സിഗിനെ യുണൈറ്റഡ് തകർത്തു വിട്ടത്.യുവപ്രതിഭ മാർക്കസ് റാഷ്ഫോർഡിന്റെ ഹാട്രിക്കിന്റെ മികവിലാണ് യുണൈറ്റഡ് ഈ ഗംഭീരവിജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ 74, 78, 92 മിനുട്ടുകളിലാണ് റാഷ്ഫോർഡ് വല ചലിപ്പിച്ചത്. ഗ്രീൻവുഡ്, മാർഷ്യൽ എന്നിവരാണ് ശേഷിച്ച ഗോളുകൾ നേടിയത്. അതേസമയം എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ചെൽസി ക്രാസ്നോഡറിനെ കീഴടക്കിയത്. ചെൽസിക്ക് വേണ്ടി ഹുഡ്സൺ ഒഡോയി, ഹാകിം സിയെച്ച്, ടിമോ വെർണർ, പുലിസിച്ച് എന്നിവരാണ് ഗോളുകൾ നേടിയത്. പതിനാലാം മിനുട്ടിൽ ജോർജിഞ്ഞോ പെനാൽറ്റി പാഴാക്കിയില്ലായിരുന്നുവെങ്കിൽ സ്കോർ ബോർഡ് ഇനിയും ഉയർന്നേനെ. ഇതോടെ നാലു പോയിന്റ് സ്വന്തമാക്കി ഗ്രൂപ്പിൽ ഒന്നാമതാണ് ചെൽസി.

അതേസമയം മറ്റൊരു പിഎസ്ജി എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഇസ്താംബൂളിനെ തകർത്തു വിട്ടു. ഇരട്ടഗോളുകൾ നേടിയ മോയ്സെ കീനാണ് പിഎസ്ജിയുടെ വിജയശില്പി. 64, 79 മിനുട്ടുകളിലായിരുന്നു ഈ യുവതാരം ഗോൾ നേടിയത്. ഈ രണ്ടു ഗോളുകൾക്കും വഴിവെച്ചത് എംബാപ്പെയായിരുന്നു. സൂപ്പർ താരം നെയ്മർ ജൂനിയർ 26-ആം മിനുട്ടിൽ പരിക്കേറ്റ് പുറത്തായത് പിഎസ്ജിക്ക് തിരിച്ചടിയായി. ജയത്തോടെ മൂന്ന് പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാമതെത്താൻ പിഎസ്ജിക്ക് സാധിച്ചു. ആറു പോയിന്റുള്ള യുണൈറ്റഡ് ആണ് ഒന്നാമത്. മറ്റൊരു മത്സരത്തിൽ ജർമ്മൻ വമ്പൻമാരായ ബൊറൂസിയ ഡോർട്മുണ്ട് ജയം നേടി. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് സെനിത്തിനെ തകർത്തു വിട്ടത്. ബൊറൂസിയക്ക് വേണ്ടി സഞ്ചോ, ഹാലണ്ട് എന്നിവർ ഗോൾ കണ്ടെത്തി. ഇതോടെ രണ്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് പോയിന്റുള്ള ഡോർട്മുണ്ട് മൂന്നാം സ്ഥാനത്താണ്. ലാസിയോയാണ് ഒന്നാമത്.

Leave a Reply

Your email address will not be published. Required fields are marked *