ഉജ്ജ്വലവിജയവുമായി ചെൽസിയും യുവന്റസും, അട്ടിമറി തോൽവിയേറ്റുവാങ്ങി പിഎസ്ജിയും യുണൈറ്റഡും !
സംഭവബഹുലമായ ഒരു ചാമ്പ്യൻസ് ലീഗ് രാത്രിയാണ് ഇന്നലെ കഴിഞ്ഞു പോയത്. ഗ്രൂപ്പ് എച്ചിലെ വമ്പൻമാരായ പിഎസ്ജിക്കും മാഞ്ചസ്റ്റർ യുണൈറ്റഡിനും ഇന്നലെ അടിതെറ്റുകയായിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ആർബി ലീപ്സിഗ് പിഎസ്ജിയെ അട്ടിമറിച്ചത്. സൂപ്പർ താരങ്ങളായ നെയ്മർ ജൂനിയറുടെയും കിലിയൻ എംബാപ്പെയുടെയും അഭാവം പിഎസ്ജി ബാധിക്കുകയായിരുന്നു. ങ്കുങ്കു, ഫോർസ്ബർഗ് എന്നിവർ ലീപ്സിഗിന്റെ ഗോൾ നേടിയപ്പോൾ ഡിമരിയയായിരുന്നു പിഎസ്ജിയുടെ ഗോൾ നേടിയത്. എന്നാൽ ഡിമരിയ പെനാൽറ്റി പാഴാക്കിയത് പിഎസ്ജിക്ക് തിരിച്ചടിയാവുകയായിരുന്നു. അതേസമയം ഈ ഗ്രൂപ്പിൽ നടന്ന മറ്റൊരു മത്സരത്തിൽ ഇസ്താംബൂളാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ 2-1 എന്ന സ്കോറിന് അട്ടിമറിച്ചത്. ഡെമ്പ ബാ, എഡിൻ വിസ്ക്ക, എന്നിവരാണ് ഇസ്താംബൂളിന്റെ ഗോളുകൾ നേടിയത്. ആന്റണി മാർഷ്യൽ ആണ് യുണൈറ്റഡിന്റെ ഒരു ഗോൾ മടക്കിയത്. തോൽവി അറിഞ്ഞുവെങ്കിലും യുണൈറ്റഡിന്റെ ഗ്രൂപ്പിലെ ഒന്നാം സ്ഥാനത്തിന് കോട്ടം തട്ടിയിട്ടില്ല. ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് ലീപ്സിഗും മൂന്നാം സ്ഥാനത്ത് പിഎസ്ജിയുമാണ്.
FULL-TIME: @RBLeipzig_EN 2-1 @PSG_English
— Paris Saint-Germain (@PSG_English) November 4, 2020
A defeat tonight in Germany as we end the match with 9 men. #RBLPSG pic.twitter.com/6m5ZeqiM89
അതേസമയം ഇന്നലത്തെ മറ്റു മത്സരങ്ങളിൽ ചെൽസിക്കും യുവന്റസിനും ഉജ്ജ്വലവിജയം നേടാനായി.എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ചെൽസി വിജയിച്ചത്. ഇരട്ട പെനാൽറ്റി ഗോളുകൾ നേടിയ വെർണറും ശേഷിച്ച ഗോൾ കണ്ടെത്തിയ ടമ്മി എബ്രഹാമുമാണ് ചെൽസിക്ക് ജയം നേടികൊടുത്തത്. ഇതോടെ ഗ്രൂപ്പിൽ ഏഴ് പോയിന്റോടെ ചെൽസി ഒന്നാമതാണ്. മറ്റൊരു മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് യുവന്റസ് ഫെറെൻകറോസിനെ തകർത്തു വിട്ടത്. മൊറാറ്റ ഇരട്ടഗോളുകൾ നേടിയപ്പോൾ ദിബാല ഒരു ഗോൾ കണ്ടെത്തി. ശേഷിച്ച ഗോൾ സെൽഫ് ഗോളായിരുന്നു. സൂപ്പർ താരം ക്രിസ്റ്റ്യാനോ ഒരു അസിസ്റ്റ് നേടി. ജയത്തോടെ ഗ്രൂപ്പിൽ രണ്ടാമതാണ് യുവന്റസ്. മൂന്ന് മത്സരങ്ങളിൽ നിന്ന് ആറു പോയിന്റാണ് യുവന്റസിന്റെ സമ്പാദ്യം.
United fall to defeat in Istanbul.#MUFC #UCL
— Manchester United (@ManUtd) November 4, 2020