ഇറ്റാലിയൻ ടീമുകൾക്കെതിരെ നെയ്മറുടെ പ്രകടനം ഇങ്ങനെ, PSG പ്രതീക്ഷ വെക്കണോ?

യുവേഫ ചാമ്പ്യൻസ് ലീഗിൻ്റെ ക്വോർട്ടർ ഫൈനലിൽ ഇന്ന് PSG ഇറ്റാലിയൻ ക്ലബ്ബ് അറ്റലാൻ്റയെ നേരിടുകയാണ്. ചാമ്പ്യൻസ് ലീഗിൽ ഇറ്റാലിയൻ ടീമുകളെ നേരിട്ടപ്പോൾ അത്ര മികച്ച കണക്കുകളല്ല അവരുടെ സൂപ്പർ താരം നെയ്മർ ജൂനിയറുടെ പേരിലുള്ളത് എന്നത് PSGക്ക് അൽപം ആശങ്ക പകരുന്ന കാര്യമാണ്. FC ബാഴ്സലോണയിലായിരുന്നപ്പോൾ 7 മത്സരങ്ങളിലും PSGയിൽ കളിക്കുമ്പോൾ ഇതുവരെ 2 മത്സരങ്ങളിലും നെയ്മർ ഇറ്റാലിയൻ ക്ലബ്ബുകളെ നേരിട്ടുണ്ട്.

Milan — 2013/2014 Champions League Group Stage, home and away

നെയ്മറുടെ ബാഴ്സലോണ കരിയറിലെ ആദ്യ സീസണിൽ ചാമ്പ്യൻസ് ലീഗിൻ്റെ ഗ്രൂപ്പ് സ്റ്റേജിൽ മിലാനെതിരെ നടന്ന ഹോം മത്സരത്തിലും എവേ മത്സരത്തിലും താരം കളിച്ചു. രണ്ട് മത്സരങ്ങളിലും ബാഴ്സയുടെ സ്റ്റാർട്ടിംഗ് ഇലവനിൽ ഉണ്ടായിരുന്നെങ്കിലും നെയ്മറുടെ പേരിൽ ഗോളുകളോ അസിസ്റ്റുകളോ കുറിക്കപ്പെട്ടില്ല. എങ്കിലും ഹോം മത്സരത്തിൽ ടീമിനായി പെനാൽറ്റി നേടിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

Juventus — 2015 Champions League Final

നെയ്മറെ ഒരു പ്രോമിസിംഗ് ഫോർവേഡ് എന്ന നിലയിൽ നിന്നും വേൾഡ് ക്ലാസ് ടാലൻ്റിലേക്ക് ഉയർത്തിയ മത്സരമാണിത്. മെസ്സിക്കും സുവാരസിനുമൊപ്പം ബാഴ്സയുടെ മുന്നേറ്റനിരയിൽ താരം മികച്ച പ്രകടനം നടത്തി. വിഖ്യാതമായ MSN ത്രയത്തിന് മുന്നിൽ യുവെൻ്റസിന് അധികമൊന്നും പിടിച്ച് നിൽക്കാനാവുമായിരുന്നില്ല. മൂന്ന് ഷോട്ടുകളും രണ്ട് ഗോൾ സ്കോറിംഗ് ഓപ്പർച്ചൂണിറ്റീസും ക്രിയേറ്റ് ചെയ്ത താരം ടീം 3-1ന് വിജയിച്ചപ്പോൾ ഒരു ഗോൾ സ്വന്തം പേരിൽ കുറിക്കുകയും ചെയ്തു.

AS Roma — 2015/2016 Champions League Group Stage, home and away

ഗ്രൂപ്പ് സ്റ്റേജിൽ നടന്ന എവേ മത്സരം 1-1 സമനിലയിൽ അവസാനിച്ചു. ഹോം മത്സരത്തിൽ ബാഴ്സ റോമയെ 6-1ന് തകർത്ത് വിടുകയും ചെയ്തു. ഈ രണ്ട് മത്സരങ്ങളിലും നെയ്മർ ഗോളോ അസിസ്റ്റോ നേടിയില്ല. പക്ഷേ ബാഴ്സയുടെ മുന്നേറ്റ നിരയിൽ സുപ്രധാന റോൾ വഹിച്ച താരം രണ്ട് മത്സരങ്ങളിലുമായി 6 ഗോൾ സ്കോറിംഗ് ഓപ്പർച്ച്യൂണിറ്റികളാണ് ക്രിയേറ്റ് ചെയ്തത്.

Juventus — 2016/2017 Champions League Quarter-Final, home and away

ബാഴ്സലോണ ക്വോർട്ടറിൽ പുറത്തായ സീസൺ ആണിത്. എവേ മത്സരത്തിൽ യുവെൻ്റസ് ബാഴ്സയെ എതിരില്ലാത്ത 3 ഗോളുകൾക്ക് പരാജയപ്പെടുത്തി. രണ്ടാം പാദത്തിൽ ഏതാണ്ട് ഒറ്റക്ക് പൊരുതുന്ന നെയ്മറെയാണ് ക്യാമ്പ് നൗവിൽ കണ്ടത്. 6 ഗോൾ സ്കോറിംഗ് ചാൻസുകൾ അദ്ദേഹം ക്രിയേറ്റ് ചെയ്തു, മത്രമല്ല പേര് കേട്ട യുവെൻ്റസ് ഡിഫൻസിനെതിരെ 15 ഡ്രിബ്ലിംഗുകൾ പൂർത്തിയാക്കാനും അദ്ദേഹത്തിനായി. എന്നിട്ടും പക്ഷേ ഇരു പാദങ്ങളിലുമായി ബാഴ്സക്ക് ഒരു ഗോൾ പോലും നേടാനായില്ല.

Napoli — 2018-2019 Champions League Group Stage, home and away

PSGക്ക് വേണ്ടി പ്ലേമേക്കർ റോളിലാണ് ഈ മത്സരങ്ങളിൽ നെയ്മർ കളിച്ചത്. ഹോം മത്സരത്തിൽ 2-2 എന്ന നിലയിലും എവേ മത്സരത്തിൽ 1-1 എന്ന നിലയിലും സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. എങ്കിലും രണ്ട് മത്സരങ്ങളിലുമായി 4 വീതം ഗോൾ സ്കോറിംഗ് ചാൻസുകൾ അദ്ദേഹം ക്രിയേറ്റ് ചെയ്തിരുന്നു.

ഏതായാലും ഇറ്റാലിയൻ ക്ലബ്ബുകൾക്കെതിരെ ഇതുവരെ 9 ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ കളിച്ചിട്ടുള്ള നെയ്മർക്ക് ഒരു ഗോൾ മാത്രമാണ് നേടാൻ കഴിഞ്ഞിട്ടുള്ളത്. അസിസ്റ്റുകളാവാട്ടെ ഒന്ന് പോലും നേടാനായിട്ടില്ല. അതുകൊണ്ട് തന്നെ ഇന്ന് PSG അറ്റലാൻ്റയെ നേരിടുമ്പോൾ PSG ആരാധകർക്ക് അൽപം ആശങ്കയുണ്ട്. എങ്കിലും നെയ്മർ തൻ്റെ കളി മികവ് കൊണ്ട് പഴയ ചരിത്രം മാറ്റിക്കുറിക്കും എന്നവർ കരുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *