ഇന്ററിനെതിരെയുള്ള മത്സരത്തിനു മുന്നേയും വിനിക്കെതിരെ വംശീയാധിക്ഷേപവുമായി അത്ലറ്റിക്കോ ഫാൻസ്‌,നടപടി ആവശ്യപ്പെട്ട് താരം.

യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന രണ്ടാം പാദ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ഇന്റർമിലാനെ അത്ലറ്റിക്കോ മാഡ്രിഡ് പരാജയപ്പെടുത്തിയിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു അത്ലറ്റിക്കോയുടെ വിജയം. എന്നാൽ അഗ്രിഗേറ്റിൽ മത്സരം സമനിലയിൽ കലാശിച്ചപ്പോൾ പെനാൽറ്റിയിലേക്ക് നീങ്ങുകയായിരുന്നു. പെനാൽറ്റിയിൽ ഇന്ററിനെ പരാജയപ്പെടുത്തിക്കൊണ്ട് അത്ലറ്റിക്കോ മാഡ്രിഡ് ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കുകയും ചെയ്തു.

എന്നാൽ ഈ മത്സരത്തിന് മുന്നേ വളരെ നീചമായ ഒരു പ്രവർത്തി അത്ലറ്റിക്കോ മാഡ്രിഡ് ആരാധകരിൽ നിന്നും ഉണ്ടായിട്ടുണ്ട്. അതായത് അവർ ഒന്നിച്ച് റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർതാരമായ വിനീഷ്യസ് ജൂനിയർക്കെതിരെ വംശീയമായ അധിക്ഷേപം നടത്തുകയായിരുന്നു.വിനീഷ്യസ് ചിമ്പാൻസിയാണ് എന്ന ചാന്റാണ് അവർ മുഴക്കിയിട്ടുള്ളത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഇതു വലിയ വിവാദമായി.

വിനീഷ്യസ് ഈ മത്സരത്തിന്റെ ഭാഗം കൂടിയല്ല, എന്നിട്ട് പോലും അത്ലറ്റിക്കോ ആരാധകർ അദ്ദേഹത്തിന് നേരെ വംശിയാധിക്ഷേപം നടത്തി. ഇത് ശ്രദ്ധയിൽപ്പെട്ട വിനീഷ്യസ് സോഷ്യൽ മീഡിയയിലൂടെ യുവേഫയോട് നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഈ പ്രവർത്തിയിൽ യുവേഫയും ചാമ്പ്യൻസ് ലീഗും നടപടി എടുക്കും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഞാൻ ഭാഗമല്ലാത്ത മത്സരങ്ങളിൽ പോലും ഇത് സംഭവിക്കുന്നു എന്നുള്ളത് വളരെ ദുഃഖകരമായ ഒരു യാഥാർത്ഥ്യമാണ് ” ഇതാണ് വിനീഷ്യസ് ജൂനിയർ എഴുതിയിട്ടുള്ളത്.

അത്ലറ്റിക്കോ മാഡ്രിഡ് ആരാധകർ എപ്പോഴും ഈ താരത്തിനെതിരെ ക്രൂരമായ വംശീയാധിക്ഷേപങ്ങൾ നടത്താറുണ്ട്. ഇവർക്കെതിരെ നടപടി സ്വീകരിക്കാത്തതിനാൽ എപ്പോഴും ലാലിഗക്ക് വലിയ വിമർശനങ്ങൾ കേൾക്കേണ്ടി വരാറുണ്ട്. ഏതായാലും യുവേഫ ഇക്കാര്യത്തിൽ നടപടി എടുക്കുമോ എന്നുള്ളത് കണ്ടറിയേണ്ട കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *