ഇന്ന് കളി നിയന്ത്രിക്കുന്നത് നെയ്മറുമായി പലതവണ പ്രശ്നങ്ങളുണ്ടാക്കിയ റഫറി!
ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന യുവേഫ ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനൽ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാവുകയാണ്. ഇന്നത്തെ മത്സരത്തിൽ ഫ്രഞ്ച് അതികായകന്മാരായ പിഎസ്ജി ബുണ്ടസ്‌ലിഗയിലെ ആർബി ലീപ്സിഗിനെയാണ് നേരിടുന്നത്. ഇന്നത്തെ മത്സരം നിയന്ത്രിക്കാനുള്ള റഫറിയെ യുവേഫ പുറത്ത് വിട്ടു കഴിഞ്ഞു. ഡച്ചുകാരനായ ബിയോൺ കൈപ്പേഴ്‌സ് ആണ് ഇന്നത്തെ പിഎസ്ജിയുടെ മത്സരം നിയന്ത്രിക്കുക. എന്നാൽ സൂപ്പർ നെയ്മർക്ക് ഈ റഫറിയുമൊത്തുള്ള അനുഭവങ്ങൾ ഒട്ടും നല്ലതല്ല. മുൻപ് രണ്ട് തവണയാണ് ഈ റഫറിയും നെയ്മറും തമ്മിൽ വാഗ്വാദത്തിൽ ഏർപ്പെട്ടിട്ടുള്ളത്. നെയ്മറെ കൂടാതെ പിഎസ്ജിയുടെ ഒട്ടുമിക്ക താരങ്ങളോടും സ്വരച്ചേർച്ചയില്ലാത്ത റഫറിയാണ് കൈപ്പേഴ്‌സ്. മുൻപ് നെയ്മർക്ക് പുറമെ പിഎസ്ജി താരങ്ങളായ എംബാപ്പെ, തിയാഗോ സിൽവ എന്നിവർക്കും ഇദ്ദേഹവുമായി പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. അത്കൊണ്ട് തന്നെ അത്പോലെയൊരു വാഗ്വാദരംഗങ്ങൾ ഇന്നും അരങ്ങേറാൻ സാധ്യതയുണ്ട്.
ആദ്യമായി 2018 വേൾഡ് കപ്പിലാണ് നെയ്മർ ജൂനിയർ കൈപ്പേഴ്‌സുമായി ഉടക്കുന്നത്.കോസ്റ്റാറിക്കക്കെതിരായ മത്സരത്തിൽ നെയ്മർ ഇരുപത്തിമൂന്നോളം തവണയാണ് ശാരീരികമായുള്ള നേരിടലുകൾക്ക് വിധേയനായത്. നാലു തവണയാണ് ഫൗൾ അനുവദിച്ചത്. ഇതിനെ തുടർന്ന് നെയ്മറും കൈപ്പേഴ്‌സും കളത്തിനകത്ത് വലിയ തോതിൽ വാഗ്വാദങ്ങൾ നടന്നിരുന്നു. തുടർന്ന് നെയ്മറോട് വായ അടക്കാൻ ഇദ്ദേഹം കൽപ്പിക്കുകയും നെയ്മർക്ക് യെല്ലോ കാർഡ് നൽകുകയും ചെയ്തു. പിന്നീട് അടുത്ത വർഷം ചാമ്പ്യൻസ് ലീഗിലാണ് നെയ്മറും കൈപ്പേഴ്‌സും തമ്മിൽ മുഖാമുഖം വരുന്നത്. ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് സ്റ്റേജിൽ നാപോളിക്കെതിരെ നടന്ന പിഎസ്ജിയുടെ മത്സരത്തിൽ കൈപ്പേഴ്‌സ് ആയിരുന്നു മത്സരം നിയന്ത്രിച്ചിരുന്നത്. മത്സരത്തിലും നെയ്മർ കടുത്ത ഫൗളുകൾക്ക് ഇരയായി. എന്നാൽ കൈപ്പേഴ്‌സ് ഇത് കണ്ട ഭാവം നടിച്ചില്ല എന്നാണ് നെയ്മർ ആരോപിച്ചത്. തുടർന്ന് നെയ്മർ അദ്ദേഹവുമായി വാഗ്വാദത്തിൽ ഏർപ്പെട്ടു.ഇത്തവണയും അദ്ദേഹം നെയ്മർക്ക് യെല്ലോ കാർഡ് കാണിക്കുകയായിരുന്നു. തികച്ചും അപമര്യാദയായാണ് റഫറി അന്ന് തന്നോട് പെരുമാറിയതെന്ന് നെയ്മർ മത്സരശേഷം ആരോപിച്ചിരുന്നു. കൂടാതെ എംബാപ്പെ, തിയാഗോ സിൽവ, പിഎസ്ജി പരിശീലകൻ എന്നിവരെല്ലാം ഇദ്ദേഹത്തിനെതിരെ രംഗത്ത് വന്നിരുന്നു. ഏതായാലും ഒരിക്കൽ കൂടി നെയ്മറും ബിയോൺ കൈപ്പേഴ്‌സും കളത്തിൽ ഒരുമിക്കുകയാണ്.