ഇത് റയൽ മാഡ്രിഡാണ് :ആൻഫീൽഡിൽ ക്രിസ്റ്റ്യാനോയുടെ സെലിബ്രേഷനുമായി വിനീഷ്യസ്.

ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന ആദ്യപാദ പ്രീക്വാർട്ടർ പോരാട്ടത്തിൽ ഒരു തകർപ്പൻ വിജയമാണ് റയൽ മാഡ്രിഡ് സ്വന്തമാക്കിയത്.രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് പ്രീമിയർ ലീഗ് കരുത്തരായ ലിവർപൂളിനെ പരാജയപ്പെടുത്തിയത്. രണ്ട് ഗോളുകൾക്ക് പുറകിൽ നിന്ന ശേഷമാണ് റയൽ മാഡ്രിഡ് ഈ തിരിച്ചുവരവ് നടത്തിയത് എന്നുള്ളത് ശ്രദ്ധേയമായ കാര്യമാണ്.

ബ്രസീലിയൻ സൂപ്പർതാരമായ വിനീഷ്യസ് ജൂനിയറുടെ പ്രകടനം എടുത്തു പ്രശംസിക്കേണ്ടതാണ്.ആദ്യ പകുതിയിൽ റയൽ നേടിയ 2 ഗോളുകളും പിറന്നത് വിനീഷ്യസിൽ നിന്നാണ്.മാത്രമല്ല രണ്ടാം പകുതിയിൽ ബെൻസിമയുടെ ഗോളിന് വിനീഷ്യസിന് അസിസ്റ്റ് നൽകുകയും ചെയ്തിരുന്നു. ഇങ്ങനെ ഈ വിജയത്തിൽ വലിയ പങ്കുവഹിക്കാൻ ഈ ബ്രസീലിയൻ താരത്തിന് കഴിഞ്ഞിരുന്നു. മാത്രമല്ല ഈ സീസണിൽ റയൽ മാഡ്രിഡിനു വേണ്ടി ആകെ 18 ഗോളുകളും എട്ട് അസിസ്റ്റുകളും പൂർത്തിയാക്കാൻ ഈ താരത്തിന് കഴിഞ്ഞിരുന്നു.

ലിവർപൂളിനെതിരെ ഗോൾ നേടിയതിനു ശേഷം വിനീഷ്യസ് ജൂനിയർ നടത്തിയ സെലിബ്രേഷൻ ഏറെ ശ്രദ്ധ നേടിയിരുന്നു. അതായത് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ പുതുതായി നടത്തുന്ന സ്ലീപ്പിങ് സെലിബ്രേഷനാണ് വിനീഷ്യസ് ജൂനിയർ അനുകരിച്ചിട്ടുള്ളത്. അതിന്റെ ചിത്രം അദ്ദേഹം തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ലേഡീസ് ആൻഡ് ജന്റിൽമാൻ.. ദിസ് ഈസ് റയൽ മാഡ്രിഡ് എന്ന ക്യാപ്ഷനാണ് വിനീഷ്യസ് ജൂനിയർ ഈ ചിത്രത്തിന് നൽകിയിട്ടുള്ളത്.

ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ഐഡോൾ ആണ് എന്നുള്ള കാര്യം നേരത്തെ തന്നെ വിനീഷ്യസ് ജൂനിയർ തുറന്നു പറഞ്ഞതാണ്.ഈയിടെ ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം നിൽക്കുന്ന ഒരു ചിത്രം തന്റെ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. നിലവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിന് വേണ്ടിയാണ് കളിച്ചു കൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *