ഇംഗ്ലണ്ടിൽ നിന്നും ബഹുമാനം കിട്ടിയിരുന്നില്ല : കണക്ക് തീർത്ത് കോർട്ടുവ!

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന കലാശപ്പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു റയൽ മാഡ്രിഡ് ലിവർപൂളിനെ പരാജയപ്പെടുത്തിക്കൊണ്ട് കിരീടം ചൂടിയത്. സൂപ്പർ താരം വിനീഷ്യസ് ജൂനിയറുടെ ഗോളാണ് റയലിന് വിജയം സമ്മാനിച്ചത്. എടുത്ത് പറയേണ്ടത് റയലിന്റെ ഗോൾകീപ്പറായ തിബൌട്ട് കോർട്ടുവയുടെ പ്രകടനമാണ്.ലിവർപൂളിന്റെ 9 ഷോട്ടുകളാണ് കോർട്ടുവ തടഞ്ഞിട്ടത്. താരത്തിന്റെ ഒറ്റയാൾ പ്രകടനമാണ് റയലിന് കിരീടം സമ്മാനിച്ചത്.

ഏതായാലും ഈ മത്സരത്തിന് ശേഷം കോർട്ടുവ ചില കാര്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്. അതായത് ഇംഗ്ലണ്ടിൽ നിന്നും തനിക്ക് വേണ്ടത്ര ബഹുമാനം ലഭിച്ചിരുന്നില്ലെന്നും അതുകൊണ്ടാണ് ഈ കിരീടം നേടാൻ താൻ ആഗ്രഹിച്ചത് എന്നുമായിരുന്നു കോർട്ടുവ പറഞ്ഞത്. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കോർട്ടുവയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ഇന്നലത്തെ പത്രസമ്മേളനത്തിൽ ഞാൻ പറഞ്ഞതാണ്, റയൽ മാഡ്രിഡ് ഫൈനൽ കളിക്കുന്നുണ്ടെങ്കിൽ അവർ വിജയിക്കുമെന്ന്.വലിയ ചരിത്രമുള്ള ഒരു ക്ലബ്ബിന്റെ ഭാഗത്താണ് ഞാനുള്ളത്. എനിക്ക് ഉപദേശങ്ങളും മുന്നറിയിപ്പുകളും നൽകിക്കൊണ്ടുള്ള ഒരുപാട് ട്വീറ്റുകൾ ഞാൻ കണ്ടിരുന്നു. എന്റെ കരിയറിന് വേണ്ടി ഈ ഫൈനൽ എനിക്ക് വിജയിക്കേണ്ടിയിരുന്നു. എന്റെ പേരിന് കുറച്ച് ബഹുമാനം കിട്ടാൻ വേണ്ടിയായിരുന്നു ഞാൻ ഇത്രയധികം ഹാർഡ് വർക്ക് ചെയ്തിരുന്നത്. കാരണം എനിക്ക് വേണ്ടത്ര ബഹുമാനം ലഭിച്ചിരുന്നില്ല, പ്രത്യേകിച്ച് ഇംഗ്ലണ്ടിൽ. നല്ല ഒരു സീസണായിട്ടും ഒരുപാട് വിമർശനങ്ങൾ എനിക്ക് ഏൽക്കേണ്ടി വന്നിരുന്നു ” ഇതാണ് കോർട്ടുവ പറഞ്ഞത്.

ഇംഗ്ലീഷ് ക്ലബ്ബുകളെ തകർത്തുകൊണ്ടായിരുന്നു കോർട്ടുവയും റയൽ മാഡ്രിഡും കണക്ക് തീർത്തത്.ചെൽസി,മാഞ്ചസ്റ്റർ സിറ്റി,ലിവർപൂൾ എന്നിവരാണ് റയലിന് മുന്നിൽ തല കുനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *