ആ 35000 ടിക്കറ്റുകൾ എങ്ങോട്ടാണ് പോകുന്നത്? വിൽപ്പനക്കെതിരെ ആഞ്ഞടിച്ച് ക്ലോപ്!
യുവേഫ ചാമ്പ്യൻസ് ലീഗിന്റെ കലാശപ്പോരാട്ടത്തിൽ പ്രീമിയർ ലീഗ് വമ്പൻമാരായ ലിവർപൂളിന്റെ എതിരാളികൾ സ്പാനിഷ് കരുത്തരായ റയൽ മാഡ്രിഡാണ്. ഈ മാസം 28-ആം തീയതി രാത്രി ഇന്ത്യൻ സമയം 12: 30നാണ് ഈയൊരു മത്സരം അരങ്ങേറുക. ഫ്രഞ്ച് തലസ്ഥാനമായ പാരീസിലെ സ്റ്റേഡ് ഡി ഫ്രാൻസാണ് ഈയൊരു കലാശപ്പോരാട്ടത്തിന് വേദിയാവുക.
75000 ആളുകളെ ഉൾക്കൊള്ളുന്ന ഒരു സ്റ്റേഡിയമാണ് ഇത്.എന്നാൽ 20000 ടിക്കറ്റുകളാണ് റയൽ മാഡ്രിഡ് ആരാധകർക്കും അതുപോലെതന്നെ ലിവർപൂൾ ആരാധകർക്കും അനുവദിച്ചു നൽകിയിട്ടുള്ളത്. അതായത് മൊത്തത്തിൽ 40,000 ഈ രണ്ട് ടീമുകളുടെ ആരാധകരും പങ്കിട്ടെടുക്കും. ബാക്കിയുള്ള 35000 ടിക്കറ്റുകൾ ആരാധകർക്ക് അനുവദിക്കാത്തതിനെതിരെ ലിവർപൂളിന്റെ പരിശീലകനായ ക്ലോപ് വലിയ വിമർശനങ്ങൾ ഉയർത്തിയിട്ടുണ്ട്.ആ 35000 ടിക്കറ്റുകൾ എങ്ങോട്ടാണ് പോകുന്നത് എന്നാണ് ക്ലോപ് ചോദിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) May 7, 2022
” ലിവർപൂളിന് കേവലം ഇരുപതിനായിരം ടിക്കറ്റുകൾ മാത്രമാണ് ലഭിക്കുക എന്നുള്ളത് ഞാൻ വായിച്ചിരുന്നു. റയലിനും 20,000 ടിക്കറ്റുകൾ ലഭിക്കും. പക്ഷേ ഇത് 75000 സീറ്റുകളുള്ള സ്റ്റേഡിയമാണ്. ബാക്കിയുള്ള 35000 ടിക്കറ്റുകൾ എങ്ങോട്ടാണ് പോവുന്നത്? മത്സരത്തിനുള്ള ടിക്കറ്റ് ഇല്ലെങ്കിലും പോവാൻ സാധിക്കുന്ന, ആസ്വദിക്കാൻ കഴിയുന്ന ഒരു സ്ഥലമാണ് പാരീസ്. ആരൊക്കെയാണോ ഞങ്ങളെ പിന്തുടരുന്നത് അവർക്ക് ഞാൻ ഇപ്പോൾ തന്നെ നന്ദി അറിയിക്കുന്നു. അവരാണ് ഇത് സ്പെഷ്യലാക്കി നിർത്തുന്നത്” ഇതാണ് ക്ലോപ് പറഞ്ഞിട്ടുള്ളത്.
ഫൈനലിൽ റയലും ലിവർപൂളുമാണ് ഏറ്റുമുട്ടുക എന്ന് സ്ഥിരീകരിക്കുന്നതിന് മുന്നേ തന്നെ യുവേഫ 12000 ടിക്കറ്റുകൾ വിറ്റു തീർത്തിട്ടുണ്ട്. ബാക്കിവരുന്ന 23000 ടിക്കറ്റുകൾ സ്പോൺസർമാർക്കും ബ്രോഡ്കാസ്റ്റേഴ്സിനും നാഷണൽ അസോസിയേഷനുകൾക്കും വിതരണം ചെയ്യുമെന്നാണ് ഇതേക്കുറിച്ച് യുവേഫ അറിയിച്ചിട്ടുള്ളത്.