ആലിസണിന്റെ പരിക്ക്, അഡ്രിയാനെ തഴഞ്ഞ് ഐറിഷ് യുവതാരത്തിന് അവസരം നൽകിയതെന്ത്‌ കൊണ്ടെന്ന് വിശദീകരിച്ച് ക്ലോപ് !

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ലിവർപൂൾ അയാക്സിനെ കീഴടക്കിയത്. മത്സരത്തിൽ ലിവർപൂളിന്റെ വിജയഗോൾ നേടിയത് കുർട്ടിസ് ജോനസായിരുന്നു. മത്സരത്തിന്റെ തൊട്ട് മുമ്പാണ് സൂപ്പർ ഗോൾകീപ്പർ ആലിസൺ ബക്കറിന് പരിക്കേറ്റത്. ഹാംസ്ട്രിംഗ് ഇഞ്ചുറി മൂലം താരത്തിന് കളിക്കാനാവാതെ വരികയായിരുന്നു. എന്നാൽ പരിശീലകൻ ക്ലോപ് രണ്ടാം ഗോൾകീപ്പറായ അഡ്രിയാന് അവസരം നൽകാൻ തയ്യാറായില്ല. മറിച്ച് ഐറിഷ് അണ്ടർ 21 കീപ്പറായ കെല്ലെഹറിനാണ് അവസരം നൽകിയത്. താരം മികച്ച പ്രകടനം നടത്തി ക്ലീൻഷീറ്റ് നേടുകയും ചെയ്തു. അഡ്രിയാനെ തഴഞ്ഞ് കെല്ലെഹറിനെ ഉൾപ്പെടുത്താനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് ക്ലോപ്. കെല്ലെഹറിനെ പോലെ നാച്ചുറൽ ഫുട്ബോൾ പ്ലെയിങ് എബിലിറ്റിയുള്ള ഒരാളെയായിരുന്നു ആവിശ്യമെന്നായിരുന്നു ക്ലോപ് അറിയിച്ചത്.

” ഞങ്ങൾക്ക്‌ വേണ്ടി മികച്ച രീതിയിൽ കാര്യങ്ങൾ ചെയ്ത ഒരാളാണ് അഡ്രിയാൻ. ഒരുപാട് ക്ലീൻഷീറ്റുകൾ നേടിയിട്ടുണ്ട്. നന്നായി കളിക്കാറുണ്ട്. പക്ഷെ ഇവിടെ ഞങ്ങൾക്ക്‌ ആവിശ്യം വന്നത് നാച്ചുറൽ ഫുട്ബോൾ പ്ലെയിങ് എബിലിറ്റിയുള്ള ഒരു താരത്തെയായിരുന്നു. അത്കൊണ്ട് കെല്ലെഹറിനെ തിരഞ്ഞെടുത്തു. അദ്ദേഹം നന്നായി ഷോട്ടുകൾ തടയുന്ന ഒരാളാണ്. അദ്ദേഹം മികച്ച പ്രകടനം കാഴ്ച്ചവെച്ചതിൽ ഞാൻ വളരെയധികം സന്തോഷവാനാണ് ” ക്ലോപ് പറഞ്ഞു. അതേസമയം ചാമ്പ്യൻസ് ലീഗിൽ അരങ്ങേറ്റം കുറിക്കാനായതിൽ കെല്ലഹറും സന്തോഷം പ്രകടിപ്പിച്ചു. ഒരു മികച്ച സേവും അദ്ദേഹം നടത്തിയിരുന്നു. അതിനെ കുറിച്ച് താരം പറഞ്ഞത് ഇങ്ങനെയാണ്. ” ഇതുപോലെയുള്ള സേവുകൾ നടത്താൻ വേണ്ടിയാണ് ഞാൻ ഓരോ ദിവസവും നന്നായി വർക്ക്‌ ചെയ്തിരുന്നത്. എന്നെ സംബന്ധിച്ചെടുത്തോളം ഇതൊരു അസാധാരണമായ നിമിഷമാണ്. ചാമ്പ്യൻസ് ലീഗിൽ അരങ്ങേറ്റം കുറിക്കാനായി, വിജയിക്കാനായി, അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടാനായി. ഇതൊരു മികച്ച രാത്രിയാണ് ” കെല്ലെഹെർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *