ആരാധകർക്ക് നേരെയുള്ള അതിക്രമം,ഒടുവിൽ യുവേഫ മാപ്പ് പറഞ്ഞു!
കഴിഞ്ഞ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ലിവർപൂളിനെ പരാജയപ്പെടുത്തിക്കൊണ്ട് കിരീടം ചൂടാൻ റയൽ മാഡ്രിഡിന് സാധിച്ചിരുന്നു.എന്നാൽ ഈയൊരു കലാശപ്പോരാട്ടം വൈകിയായിരുന്നു ആരംഭിച്ചിരുന്നത്.സ്റ്റേഡ് ഡി ഫ്രാൻസിൽ നടന്ന ഈ മത്സരം ഏകദേശം 35 മിനുട്ട് വൈകിയാണ് ആരംഭിച്ചത്. ആരാധകർ എത്താൻ വൈകി എന്നായിരുന്നു അധികൃതർ ഇതിന് കാരണമായി കൊണ്ട് ആരോപിച്ചത്.
എന്നാൽ സ്റ്റേഡിയത്തിന് പുറത്ത് ആരാധകർക്കെതിരെ വലിയ അതിക്രമങ്ങൾ അരങ്ങേറിയിരുന്നു.പെപ്പർ സ്പ്രേയും ടിയർ ഗ്യാസുമൊക്കെ പോലീസ് ആരാധകർക്ക് നേരെ പ്രയോഗിച്ചത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ആരാധകരുടെ ഭാഗത്തല്ല തെറ്റ്, മറിച്ച് യുവേഫയുടെയും അധികൃതരുടെയും ഭാഗത്താണ് എന്നുള്ളത് നേരത്തെ തന്നെ വ്യക്തമായിരുന്നു. ഇതിനുപുറമെ ലിവർപൂളും റയൽ മാഡ്രിഡും പരാതി നൽകുകയും ചെയ്തിരുന്നു.
— Murshid Ramankulam (@Mohamme71783726) June 4, 2022
ഏതായാലും തെറ്റു മനസ്സിലാക്കിയ യുവേഫ ഒടുവിൽ മാപ്പ് പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം യുവേഫ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയുടെ ചുരുക്കരൂപം ഇങ്ങനെയാണ്.
” യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരത്തിന് മുന്നോടിയായി ഭീതിജനകമായ അനുഭവങ്ങൾ നേരിടേണ്ടി വന്ന എല്ലാവരോടും ഞങ്ങൾ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. ഒരു ഫുട്ബോൾ ആരാധകനും ഇത്തരത്തിലുള്ള സാഹചര്യങ്ങളിലൂടെ കടന്നു പോകാൻ പാടില്ലാത്തതാണ്. ഇനി ഒരിക്കലും ഇത്തരം സംഭവവികാസങ്ങൾ ആവർത്തിക്കരുത് ” ഇതായിരുന്നു യുവേഫ അറിയിച്ചിരുന്നത്.
ഏതായാലും യുവേഫക്ക് ഇക്കാര്യത്തിൽ വലിയ രൂപത്തിലുള്ള വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു. ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷനെതിരെയും വ്യാപക വിമർശനങ്ങൾ ഉയരുന്നുണ്ട്.