അവിശ്വസനീയം ഈ തിരിച്ചുവരവ്, PSG സെമിയിൽ

PSG യുവേഫ ചാമ്പ്യൻസ് ലീഗിൻ്റെ സെമി ഫൈനലിൽ കടന്നു. ലിസ്ബണിൽ നടന്ന ക്വോർട്ടർ ഫൈനലിൽ ഒന്നിനെതിരെ 2 ഗോളുകൾക്ക് ഇറ്റാലിയൻ ക്ലബ്ബ് അറ്റലാൻ്റയെയാണവർ മറികടന്നത്. PSGക്ക് വേണ്ടി മാർക്കീഞ്ഞോസ്, ചോപ്പോ-മോട്ടിംഗ് എന്നിവർ ഗോളുകൾ നേടിയപ്പോൾ അറ്റലാൻ്റയുടെ ഗോൾ മരിയോ പസാലിച്ചിൻ്റെ വകയായിരുന്നു. ഇന്ന് നടക്കുന്ന RB ലീപ്സിഗ് vs അത്ലറ്റിക്കോ മാഡ്രിഡ് മത്സരത്തിലെ വിജയികളാവും സെമി ഫൈനലിൽ PSGയുടെ എതിരാളികൾ.

മത്സരത്തിൻ്റെ 90 മിനുട്ട് വരെ ഏകപക്ഷീയമായ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം നാല് മിനുട്ടിനിടെ രണ്ട് ഗോളുകൾ നേടിയാണ് PSG സെമി പ്രവേശനം ഉറപ്പാക്കിയത്. മത്സരത്തിൻ്റെ ഇരുപത്തിയാറാം മിനുട്ടിൽ സപാറ്റയുടെ അസിസ്റ്റിൽ നിന്നും ഗോൾ നേടിയ പസാലിച്ച് അറ്റലാൻ്റക്ക് ക്ക് ലീഡ് നേടിക്കൊടുത്തു. ആദ്യ പകുതി അവസാനിക്കുമ്പോൾ അറ്റലാൻ്റ ഏകപക്ഷീയമായ ഒരു ഗോളിന് മുന്നിലായിരുന്നു. 90 മിനുട്ട് വരെ ഈ സ്കോർ നില തുടർന്നു. അറ്റലാൻ്റ വിജയം ഉറപ്പിച്ച ഘട്ടത്തിലാണ് മാർക്കീഞ്ഞോസിൻ്റെ ഗോളിലൂടെ PSG സമനില പിടിച്ചത്. നെയ്മറുടെ അസിസ്റ്റിൽ നിന്നാണ് താരം ഗോൾ നേടിയത്. മൂന്ന് മിനുട്ടിനകം എംബപ്പേയുടെ അസിസ്റ്റിൽ നിന്നും ചോപ്പോ-മോട്ടിംഗ് കൂടി ലക്ഷ്യം കണ്ടതോടെ PSG നാടകീയമായ വിജയം സ്വന്തമാക്കി. 25 വർഷത്തിനിടെ PSGയുടെ ആദ്യ ചാമ്പ്യൻസ് ലീഗ് സെമി പ്രവേശമാണിത്, അതും ക്ലബ്ബിൻ്റെ അമ്പതാം വാർഷിക ദിനത്തിൽ നേടാനായി എന്നത് ആരാധകർക്ക് ആഘോഷിക്കാനുള്ള വക നൽകുന്നു. മാൻ ഓഫ് ദി മാച്ച് ആയി നെയ്മറെയാണ് യുവേഫ തെരഞ്ഞെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *