യുവന്റസിനെതിരെയുള്ള മത്സരത്തിൽ വൻ അഴിച്ചുപണികൾ നടത്താനൊരുങ്ങി കൂമാൻ !

കഴിഞ്ഞ ലാലിഗ മത്സരത്തിലെ ഫലം ബാഴ്സ പരിശീലകൻ കൂമാന് ഒട്ടും സംതൃപ്തി നൽകുന്ന ഒന്നല്ല. സൂപ്പർ താരങ്ങൾ ഒക്കെ അണിനിരന്നിട്ടും തോൽവി വഴങ്ങാനായിരുന്നു ബാഴ്സ വിധി. പ്രത്യേകിച്ച് ഈ സീസണിലേക്ക് പ്രൊമോഷൻ കിട്ടി വന്ന ടീമിനോടാണ് ബാഴ്സ 2-1 ന് പരാജയം രുചിച്ചത്. മത്സരശേഷം താരങ്ങളുടെ മനോഭാവത്തെ കൂമാൻ വിമർശിക്കുകയും ചെയ്തിരുന്നു.

ഇനി ചാമ്പ്യൻസ് ലീഗിൽ കരുത്തരായ യുവന്റസിനോടാണ് ബാഴ്സയുടെ മത്സരം. സ്വന്തം മൈതാനമായ ക്യാമ്പ് നൗവിലാണ് അവസാന ലീഗ് റൗണ്ട് പോരാട്ടത്തിന് ബാഴ്‌സയിറങ്ങുന്നത്. ആദ്യ പാദത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്‌ ബാഴ്സ വിജയിച്ചിരുന്നു. അഞ്ചിൽ അഞ്ചും വിജയിച്ച ബാഴ്സ സമ്പൂർണവിജയം ലക്ഷ്യം വെച്ചാണ് യുവന്റസിനെതിരെ ബൂട്ടണിയുക. എന്നാൽ കഴിഞ്ഞ മത്സരത്തിലെ ആദ്യ ഇലവനിൽ നിന്നും ചില താരങ്ങളെ കൂമാൻ മാറ്റിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. സ്പോർട്ട് ആണ് ഇത് പുറത്തു വിട്ടിരിക്കുന്നത്.

ഗോൾകീപ്പർ ടെർസ്റ്റീഗന് യുവന്റസിനെതിരെ വിശ്രമം അനുവദിച്ചേക്കും. പകരം നെറ്റോ ആയിരിക്കും വലകാക്കുക. അത്‌ലെറ്റിക്കോ മാഡ്രിഡ്‌, കാഡിസ് എന്നിവർക്കെതിരെ ടെർസ്റ്റീഗന്റെ പിഴവിൽ നിന്നായിരുന്നു ഗോൾ വഴങ്ങിയിരുന്നത്. കൂടാതെ പ്രതിരോധനിരയിൽ പരിക്കിൽ നിന്നും മുക്തനായ റൊണാൾഡ് അരൗഹോ തിരിച്ചെത്തിയേക്കും. മിങ്കേസക്കാണ് സ്ഥാനം നഷ്ടപ്പെടാൻ സാധ്യത കൂടുതൽ.

യുവതാരങ്ങൾക്ക്‌ കൂടുതൽ അവസരം നൽകാനാണ് കൂമാൻ ഉദ്ദേശിക്കുന്നത്. അതിനാൽ തന്നെ പെഡ്രി, ട്രിൻക്കാവോ എന്നിവർ ആദ്യ ഇലവനിൽ ഇടം നേടുമെന്നാണ് സ്പോർട്ട് അറിയിക്കുന്നത്. കൂട്ടീഞ്ഞോ, ഗ്രീസ്‌മാൻ, ബ്രൈത്വെയിറ്റ് എന്നിവരിൽ ആരൊക്കെ പുറത്തിരുത്തും എന്ന് വ്യക്തമല്ല. ഏതായാലും പ്രീ ക്വാർട്ടറിൽ സ്ഥാനം ഉറപ്പിച്ച സ്ഥിതിക്ക്‌ മാറ്റങ്ങൾ വരുത്തി കളിപ്പിക്കാൻ തന്നെയാണ് കൂമാൻ ഉദ്ദേശിക്കുന്നത്. രണ്ട് മത്സരങ്ങളിൽ വിശ്രമം അനുവദിക്കപ്പെട്ട മെസ്സി യുവന്റസിനെതിരെ തിരിച്ചെത്തിയേക്കും.

Leave a Reply

Your email address will not be published. Required fields are marked *