മെസ്സിയുടെ നട്ട്മഗ്;പോപ്‌കോൺ കഴിച്ച് വേൾഡ് കപ്പ് ഫൈനൽ കാണുമെന്ന് ബോട്ടെങ്
ഇന്നേ ദിവസം അഞ്ച് വർഷങ്ങൾക്ക് മുൻപായിരുന്നു മെസ്സിയുടെ പ്രശസ്തമായ ആ നട്ട്മഗ് നടന്നത്. ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനലിൽ ബയേണിനെതിരെ മെസ്സി നേടിയ ഗോൾ ഡിഫൻഡർ ബോട്ടിങ്ങിനെ വീഴ്ത്തിയായിരുന്നു നേടിയിരുന്നത്. ഞൊടിയിടയിൽ മെസ്സി നടത്തിയ ഡ്രിബ്ലിങ്ങിൽ ബോട്ടെങ് നിലത്തുവീഴുകയായിരുന്നു. അതിന്റെ അഞ്ചാം വാർഷികം ആഘോഷിക്കുന്ന മെസ്സി ആരാധകരെ കണക്കിന് പരിഹസിക്കുകയാണിപ്പോൾ ബോട്ടെങ് ചെയ്തിരിക്കുന്നത്. ഞാൻ കുറച്ചു പോപ്‌കോൺ കഴിച്ച് 2014 വേൾഡ് കപ്പ് ഫൈനൽ കാണുമെന്നാണ് ബോട്ടെങ്ങിന്റെ പ്രതികരണം. വേൾഡ് കപ്പ് ഫൈനലിൽ ബോട്ടെങ് ഉൾപ്പെട്ട ജർമ്മൻ പട മെസ്സിയുടെ അർജന്റീനയെ കീഴടക്കി വേൾഡ് കപ്പ് കിരീടം ചൂടിയിരുന്നു. ഈ മത്സരം പോപ്‌കോൺ കഴിച്ച് കാണുമെന്നാണ് ബോട്ടെങ് ഇതിനോട് പ്രതികരിച്ചത്.
” ഈ പ്രയാസമേറിയ ദിവസങ്ങളിൽ ചിലർ ഇതോർത്ത് ചിരിക്കാറുണ്ട്. എന്നാൽ ഞാൻ ഇതേ സമയം കുറച്ചു പോപ്കോൺ വാങ്ങി 2014 വേൾഡ് കപ്പ് ഫൈനൽ കാണും. നിങ്ങൾക്കിപ്പോൾ എന്നെ ടാഗ് ചെയ്യുന്നത് നിർത്താം. കാരണം അത് സംഭവിച്ചിട്ടിപ്പോൾ അഞ്ച് വർഷമായി എന്ന് എനിക്കറിയാം ” ബോട്ടെങ് ട്വിറ്ററിൽ കുറിച്ചു. ആ ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സയായിരുന്നു കിരീടം ചൂടിയിരുന്നത്.