നെയ്മർ നല്ലൊരു നടനാണ് : ഡോർട്മുണ്ട് ഡയറക്ടർ

സൂപ്പർ താരം നെയ്മർ ജൂനിയർക്കെതിരെ രൂക്ഷവിമർശനവുമായി ബൊറൂസിയ ഡോർട്മുണ്ട് സ്പോർട്ടിങ് ഡയറക്ടർ മൈക്കിൾ സോർക്. ഇന്നലെ ചാമ്പ്യൻസ് ലീഗിൽ ബൊറൂസിയ-പിഎസ്ജി മത്സരത്തിന് ശേഷമാണ് ഇദ്ദേഹം നെയ്മർക്കെതിരെ കടുത്ത രീതിയിൽ വിമർശനം ഉന്നയിച്ചത്. നെയ്മർ നല്ലൊരു നടനാണെന്നും അദ്ദേഹം കാര്യങ്ങളെ പർവ്വതീകരിച്ചു കാണിക്കുകയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. മത്സരത്തിൽ ബൊറൂസിയ പിഎസ്ജിയോട് രണ്ട് ഗോളുകൾക്ക് തോറ്റ് ക്വാർട്ടർ കാണാതെ പുറത്തായിരുന്നു.

” നമുക്കറിയാം നെയ്മർ ഒരു നല്ല നടനാണെന്ന്. അത് ഇന്ന് അദ്ദേഹം കളിക്കളത്തിൽ കാണിക്കുകയും ചെയ്തു. കാര്യങ്ങളെ അദ്ദേഹം പർവ്വതീകരിച്ചു കാണിക്കുകയാണ് ” ഇതായിരുന്നു ഡോർട്മുണ്ട് ഡയറക്ടറുടെ നെയ്മറെ കുറിച്ചുള്ള പരാമർശം. ” ഞങ്ങൾക്ക് ഉദ്ദേശിച്ച പോലെ കാര്യങ്ങൾ നടത്താനായില്ല. ഒരു ഗോൾ നേടിയതോടെ പിഎസ്ജിക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമായില്ല. പിഎസ്ജി ഒരിക്കലും മികച്ച രീതിയിലുള്ള അധ്വാനം നടത്തിയിരുന്നില്ല. പക്ഷെ ഞങ്ങളുടെ പ്രകടനം മോശമായത് തന്നെയാണ് ഞങ്ങളുടെ പരാജയത്തിന് കാരണം ” അദ്ദേഹം കൂട്ടിച്ചേർത്തു.

മത്സരം അവശേഷിക്കാൻ മിനുട്ടുകൾ മാത്രം ശേഷിക്കെ റെഡ് കാർഡ് കണ്ടു ബൊറൂസിയ താരം എംറി കാന് പുറത്തുപോവേണ്ടി വന്നിരുന്നു. നെയ്മറുമായുള്ള പ്രശ്നങ്ങൾക്കായിരുന്നു കാന് റെഡ് കാർഡ് കിട്ടിയത്. ഈ സംഭവവികാസങ്ങളാണ് ബൊറൂസിയ ഡോർട്മുണ്ട് ഡയറക്ടറെ ചൊടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *