ക്രിസ്റ്റ്യാനോയുടെ വീരോചിത പോരാട്ടത്തിനും രക്ഷിക്കാനായില്ല, യുവന്റസ് പുറത്ത് !

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വീരോചിത പോരാട്ടത്തിനും യുവന്റസിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇന്നലെ നടന്ന മത്സരത്തിൽ സ്വന്തം മൈതാനത്ത് 2-1 ന്റെ ജയം നേടിയെങ്കിലും ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്ത് പോവാനായിരുന്നു യുവന്റസിന്റെ വിധി. ഇരട്ടഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ രണ്ടാം പാദത്തിൽ ജയം നേടി കൊടുത്ത് അഗ്രിഗേറ്റിൽ സമനില നേടികൊടുത്തെങ്കിലും എവേ ഗോൾ യുവന്റസിന് വിനയാവുകയായിരുന്നു. യുവന്റസിന്റെ മൈതാനത്ത് ഇന്നലെ നേടിയ ഗോളാണ് ലിയോണിനെ ക്വാർട്ടറിലേക്ക് മുന്നേറാൻ സഹായിച്ചത്. ക്വാർട്ടർ ഫൈനലിൽ ലിയോണിനെ മാഞ്ചസ്റ്റർ സിറ്റിയാണ് കാത്തിരിക്കുന്നത്. മെംഫിസ് ഡിപേയിലൂടെ ലിയോൺ ലീഡ് എടുത്തെങ്കിലും രണ്ട് ഗോളുകൾ തിരിച്ചടിച്ച് ക്രിസ്റ്റ്യാനോ ജയം നേടികൊടുക്കുകയായിരുന്നു.

സൂപ്പർ താരം ദിബാലയുടെ അഭാവത്തിൽ ഹിഗ്വയ്ൻ ആയിരുന്നു അതേ സ്ഥാനത്ത് മുന്നേറ്റനിരയെ നയിച്ചത്. മത്സരത്തിന്റെ പന്ത്രണ്ടാം മിനിറ്റിൽ തന്നെ ലിയോൺ ലീഡ് നേടി. തങ്ങൾക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി മനോഹരമായി ലക്ഷ്യത്തിലെത്തിച്ചു കൊണ്ട് ഡീപേയാണ് ലിയോണിന് ലീഡ് നേടിക്കൊടുത്തത്. എന്നാൽ 43-ആം മിനിറ്റിൽ തന്നെ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു പെനാൽറ്റിയിലൂടെ ഈ ഗോളിന് മറുപടി നൽകി. അറുപതാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ മറ്റൊരു തകർപ്പൻ ഗോളിനാണ് സാക്ഷ്യം വഹിച്ചത്. ബെർണാഡ്ഷി നൽകിയ പന്ത് ബോക്സിന് വെളിയിൽ നിന്ന് ഒരു കിടിലൻ ഷോട്ടിലൂടെ താരം വലയിലെത്തിക്കുകയായിരുന്നു. എന്നാൽ പിന്നീട് ഗോളുകൾ ഒന്നും തന്നെ നേടാനാവാത്തത് യുവന്റസിന് തിരിച്ചടിയായി. ഫലമായി എവേ ഗോളിന്റെ ആനുകൂല്യത്തിൽ ലിയോൺ ക്വാർട്ടർ ഫൈനൽ കണ്ടു.

Leave a Reply

Your email address will not be published. Required fields are marked *