കെയ്‌ലർ നവാസ് കളിക്കുമോ? നിലപാട് വ്യക്തമാക്കി പിഎസ്ജി പരിശീലകൻ !

അറ്റലാന്റക്കെതിരെയുള്ള ക്വാർട്ടർ ഫൈനൽ മത്സരത്തിൽ അവസാനനിമിഷം വീരോചിത വിജയം നേടിയെങ്കിലും പിഎസ്ജിയെ അലട്ടിയ കാര്യം സൂപ്പർ ഗോൾകീപ്പർ കെയ്‌ലർ നവാസിന്റെ പരിക്കായിരുന്നു. ഹാംസ്ട്രിങ് ഇഞ്ചുറി മൂലം താരം കളംവിടുകയും സെമി ഫൈനൽ നഷ്ടമാവുകയും ചെയ്തിരുന്നു. അറ്റലാന്റക്കെതിരെ നിർണായകമായ രണ്ട് സേവുകൾ നടത്തി രക്ഷകനാകാൻ നവാസിന് കഴിഞ്ഞിരുന്നു. എന്നാൽ പരിക്കേറ്റ താരത്തിന് പകരം റിക്കോ ആയിരുന്നു ഗോൾവലകാത്തത്. എന്നിരുന്നാലും ലീപ്സിഗിന്റെ ഭാഗത്തു നിന്ന് വലിയ വെല്ലുവിളികൾ ഉണ്ടാകാതിരുന്നത് കൊണ്ട് മത്സരത്തിൽ ഗോൾകീപ്പർക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നില്ല. എന്നാൽ ഇന്നത്തെ മത്സരം അങ്ങനെയല്ല. ഗോൾകീപ്പർ നിർണായകഘടകമാണ്. എന്നാലിപ്പോൾ നവാസ് കളിക്കുമെന്ന് ഉറപ്പ് തരാനാവില്ല എന്നാണ് പിഎസ്ജി പരിശീലകൻ തോമസ് ടുഷേൽ അറിയിച്ചിരിക്കുന്നത്. ഇന്നത്തെ പരിശീലനത്തിന് ശേഷം മാത്രമേ നവാസിന്റെ കാര്യത്തിൽ തീരുമാനം എടുക്കുകയൊള്ളൂ എന്നും ടുഷേൽ അറിയിച്ചിട്ടുണ്ട്. എന്നാൽ പകരക്കാരന്റെ വേഷത്തിൽ താരത്തെ ഒരിക്കലും ഇറക്കില്ലെന്നും പരിശീലകൻ കൂട്ടിച്ചേർത്തു.

” ഇന്നത്തെ പരിശീലനത്തിൽ (ശനി) നവാസ് ടീമിനോടൊപ്പം നല്ല രീതിയിൽ തന്നെ പരിശീലനം നടത്തിയിരുന്നു. എന്നാൽ അദ്ദേഹം കളിക്കുമോ ഇല്ലയോ എന്നുള്ളത് എനിക്കിപ്പോൾ ഉറപ്പ് തരാനാവില്ല. ഒന്നെങ്കിൽ നവാസ് കളിക്കും അല്ലെങ്കിൽ കളിക്കില്ല എന്നായിരിക്കും തീരുമാനം. അല്ലാതെ ഇതിന്റെ രണ്ടിന്റെയും ഇടയിൽ ഒരു തീരുമാനം ഞാൻ എടുക്കില്ല. അതായത് പകരക്കാരന്റെ രൂപത്തിൽ കുറച്ചു നേരം കളിക്കുമെന്ന തീരുമാനം എടുക്കില്ല. ഞായറാഴ്ചയിലെ പരിശീലനത്തിന് ശേഷം അദ്ദേഹത്തിന്റെ കാര്യത്തിൽ തീരുമാനം എടുക്കും ” ടുഷേൽ പറഞ്ഞു. മുമ്പ് മൂന്ന് ചാമ്പ്യൻസ് ലീഗ് ഫൈനലുകൾ കളിച്ച പരിചയമുണ്ട് നവാസിന്. മൂന്നിലും വിജയം കൈവരിക്കുകയും ചെയ്തിരുന്നു. കൂടാതെ ബയേണിനെതിരെ തകർപ്പൻ പ്രകടനമാണ് ഇതുവരെ ചാമ്പ്യൻസ് ലീഗിൽ നവാസ് നടത്തിയിട്ടുള്ളത്. അത്കൊണ്ട് തന്നെ നവാസ് കളിച്ചാൽ അത്‌ പിഎസ്ജിക്ക് വലിയൊരു പോസിറ്റീവ് ആണ്.

Leave a Reply

Your email address will not be published. Required fields are marked *