ഇത് സുവർണ്ണാവസരം, അറ്റലാൻ്റയെ മറികടന്ന് മുന്നേറാൻ PSGക്കാവുമോ?
UEFA ചാമ്പ്യൻസ് ലീഗിൻ്റെ ക്വോർട്ടർ ഫൈനൽ, സെമി ഫൈനൽ ഫിക്സ്ചർ നറുക്കെടുപ്പ് കഴിഞ്ഞപ്പോൾ PSG ആരാധകർ പ്രതീക്ഷയിലാണ്. ഒരിക്കലും മുത്തമിടാൻ കഴിഞ്ഞിട്ടില്ലാത്ത ചാമ്പ്യൻസ് ലീഗ് കിരീടം ഇത്തവണ പാരീസിലെത്തിക്കാൻ കഴിയുമെന്നാണവർ വിശ്വസിക്കുന്നത്. ഇന്നത്തെ നറുക്കെടുപ്പിലൂട അതിലേക്ക് താരതമ്യേന എളുപ്പമുള്ള വഴിയാണ് തുറക്കപ്പെട്ടിരിക്കുന്നത് എന്നവർ കരുതുന്നു. PSGയുടെ ക്വോർട്ടർ ഫൈനൽ – സെമി ഫൈനൽ സാധ്യതകളെ നമുക്കൊന്ന് വിലയിരുത്താം.
🚨 Our opponent for the quarter-finals of the @ChampionsLeague has been revealed 👀
— Paris Saint-Germain (@PSG_English) July 10, 2020
We will play @Atalanta_BC!#UCLdraw pic.twitter.com/XSC9Ils3OA
ക്വോർട്ടർ ഫൈനലിൽ ഓഗസ്റ്റ് 15നാണ് PSG vs അറ്റലാൻ്റ മത്സരം നടക്കുന്നത്. പോർച്ചുഗലിലെ ലിസ്ബണിൽ വെച്ചാണ് ഇത്തവണ ഏകപാദ മത്സരങ്ങളായി ക്വോർട്ടർ ഫൈനൽ മുതലുള്ള UCL മത്സരങ്ങൾ അരങ്ങേറുക. PSGയുടെ എതിരാളികളായ അറ്റലാൻ്റ മികച്ച ഫോമിലാണിപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്. എല്ലാ കോമ്പറ്റീഷനുകളിലുമായി കഴിഞ്ഞ 13 മത്സരങ്ങളിൽ അവർ പരാജയമറിഞ്ഞിട്ടില്ല. മികച്ച ടീം വർക്കിലൂടെയാണ് അവർ മുന്നേറുന്നത്. ചാമ്പ്യൻസ് ലീഗിൻ്റെ പ്രീ ക്വാർട്ടറിൽ സ്പാനിഷ് ക്ലബ്ബ് വലൻസിയയെ ഇരുപാദങ്ങളിലുമായി 4നെതിരെ 8 ഗോളുകളുടെ അഗ്രിഗേറ്റ് ലീഡിലാണവർ പരാജയപ്പെടുത്തിയത്. PSGയാവട്ടെ ലീഗ് വൺ ഉപേക്ഷിച്ചതോടെ അധികം പ്ലേയിംഗ് ടൈം ലഭിക്കാതെയാവും ക്വോർട്ടർ ഫൈനൽ പോരാട്ടത്തിനിറങ്ങുക. പ്രീക്വോർട്ടറിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരെ ഇരുപാദങ്ങളിലുമായി 3 -2 എന്ന അഗ്രിഗേറ്റ് സ്കോറിനാണവർ വിജയിച്ചത്. ഇരു പാദങ്ങളിലും ഗോൾ നേടിയ നെയ്മറുടെ മികവാണ് അവർക്ക് തുണയായത്. നെയ്മറും എംബപ്പേയും അടങ്ങുന്ന സൂപ്പർ താര നിര മികവ് കാട്ടിയാൽ അവർക്ക് അറ്റലാൻ്റയെ മറികടക്കാൻ കഴിയുമെന്ന് തന്നെയാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
ചാമ്പ്യൻസ് ലീഗ് ക്വോർട്ടർ ഫൈനൽ, സെമി ഫൈനൽ ഫിക്സ്ചർ ഇങ്ങനെ#UCLDraw pic.twitter.com/liGXnx3imt
— Raf Talks (@TalksRaf) July 10, 2020
സെമി ഫൈനലിൽ PSGയെ കാത്തിരിക്കുന്നത് RB ലീപ്സിഗ് vs അത്ലറ്റിക്കോ മാഡ്രിഡ് മത്സരത്തിലെ വിജയികളാണ്. ഓഗസ്റ്റ് 19നായിരിക്കും ഈ മത്സരം നടക്കുക. പ്രീ ക്വോർട്ടറിൽ നിലവിലെ ചാമ്പ്യന്മാരായ ലിവർപൂളിനെ തോൽപ്പിച്ചാണ് അത്ലറ്റിക്കോ മാഡ്രിഡ് ക്വോർട്ടറിൽ കടന്നത്. RB ലീപ്സിഗും ഈ സീസണിൽ മികച്ച പ്രകടനമാണ് നടത്തിയത്. ബൂണ്ടസ്ലിഗയിൽ നടത്തിയ പ്രകടനം അവർ ആവർത്തിച്ചാൽ അത്ലറ്റിക്കോക്ക് കാര്യങ്ങൾ എളുപ്പമാവില്ല. എങ്കിലും സിമയോണിയുടെ സംഘത്തിന് തന്നെയാണ് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. അതേ സമയം PSGക്ക് ഈ രണ്ട് ടീമുകളായാലും ഒരു പോലെ തന്നെയാവും വെല്ലുവിളി ഉയർത്തുക. എങ്കിലും മികച്ച പ്രകടനം നടത്തിയാൽ അവരെയും മറികടന്ന് നെയ്മറും സംഘവും ഫൈനലിൽ കടക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.