അന്നത്തേത് സ്വപ്നടീമിന്റെ മിന്നും വിജയം,ആവർത്തിക്കുമെന്ന് പ്രതീക്ഷ, ഓർമ്മകൾ അയവിറക്കി കൂമാൻ പറയുന്നു!

1993 സെപ്റ്റംബർ ഇരുപത്തൊൻപതിന് നടന്ന ആ ഐതിഹാസികമത്സരത്തിന്റെ ഓർമ്മകൾ അയവിറക്കിയിരിക്കുകയാണ് ബാഴ്‌സയുടെ നിലവിലെ പരിശീലകൻ റൊണാൾഡ് കൂമാൻ. ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ പോരാട്ടത്തിൽ എഫ്സി ബാഴ്സലോണയുടെ എതിരാളികൾ ഡൈനാമോ കീവ് ആയിരുന്നു. യോഹാൻ ക്രൈഫ് പരിശീലിപ്പിച്ചിരുന്ന ബാഴ്‌സ ടീമിലെ അംഗമായിരുന്നു റൊണാൾഡ് കൂമാൻ. പ്രീ ക്വാർട്ടറിന്റെ ആദ്യപാദ മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ബാഴ്‌സ ഡൈനാമോ കീവിനോട് തകർന്നടിഞ്ഞത്. എന്നാൽ രണ്ടാം പാദ മത്സരത്തിൽ ഐതിഹാസികമായ തിരിച്ചു വരവാണ് ബാഴ്സയുടെ ഭാഗത്തു നിന്നുണ്ടായത്. ഒന്നിനെതിരെ നാലു ഗോളുകൾക്ക് ഡൈനാമോ കീവിനെ പരാജയപ്പെടുത്തി കൊണ്ട് ബാഴ്‌സ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിലേക്ക് മുന്നേറുകയായിരുന്നു. അന്ന് ബാഴ്സയുടെ നാലാമത്തെ ഗോൾ അടിച്ചത് കൂമാനായിരുന്നു.ഒരു തവണ കൂടി ഡൈനാമോ കീവിനെ നേരിടുമ്പോൾ ആ മത്സരത്തെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചിരിക്കുകയാണ് പരിശീലകൻ. സ്വപ്നടീമിന്റെ മിന്നും വിജയം എന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിച്ചത്. തങ്ങൾക്ക് വീണ്ടും വിജയം ആവർത്തിക്കാനാവുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

” ഞങ്ങൾ കളിച്ച ഏറ്റവും മികച്ച മത്സരമായിരുന്നോ അതെന്ന കാര്യം എനിക്കറിയില്ല. പക്ഷെ അത് ഏറ്റവും മികച്ച എതിരാളികൾക്കെതിരെ, ഏറ്റവും സങ്കീർണമായ സമയത്ത് കളിച്ച മത്സരങ്ങളിൽ ഒന്നായിരുന്നു അവർ വളരെയധികം കരുത്തരായിരുന്നു. ഈയിടെ ഞാൻ പെപ് ഗ്വാർഡിയോളയുമായി സംസാരിച്ച സമയത്ത് ഞങ്ങൾ അത് ഓർമ്മിച്ചെടുത്തിരുന്നു. സ്വപ്നടീമിന്റെ മിന്നും വിജയമായിരുന്നു അത്. ഒരുപാട് അപകടകരമായ, ഒരുപാട് ആക്രമണങ്ങൾ കണ്ട ഒരു മത്സരമായിരുന്നു അന്നത്തേത്. അത് വീണ്ടും ആവർത്തിക്കാൻ കഴിയുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത് ” കൂമാൻ പറഞ്ഞു. ഇന്ന് നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ കൂമാന്റെ ബാഴ്‌സയുടെ എതിരാളികൾ ഡൈനാമോ കീവ് ആണ്.

Leave a Reply

Your email address will not be published. Required fields are marked *