മികച്ചത് മെസ്സിയോ റൊണാൾഡോയോ? ആഴ്‌സൺ വെങ്ങറുടെ മറുപടി ഇതാണ്
സമകാലിക ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച രണ്ട് താരങ്ങളാണ് മെസ്സിയും ക്രിസ്റ്റ്യാനോയും. ഇവരിൽ ആരാണ് മികച്ചത് എന്നത് കഴിഞ്ഞ പത്ത് വർഷമായി തുടരുന്ന തർക്കവിഷയമാണ്. എന്നാൽ ഇവരിൽ ആരാണ് മികച്ചത് എന്ന ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് മുൻ ആഴ്‌സണലിന്റെ ഇതിഹാസപരിശീലകൻ ആഴ്‌സൺ വെങ്ങർ. ഇരുവരിൽ നിന്ന് ഒരാളെ തിരഞ്ഞെടുക്കുക എന്നത് ബുദ്ദിമുട്ട് ആണെന്നും രണ്ട് പേരും രണ്ട് രീതിയിലാണ് കഴിവ് തെളിയിച്ചിട്ടുള്ളതെന്നും അത്കൊണ്ട് തന്നെ രണ്ടിലൊരാളെ മികച്ചതായി തിരഞ്ഞെടുക്കാൻ കഴിയില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. എന്നാൽ ഒട്ടുമിക്ക പരിശീലകർക്കും മെസ്സിയാണ് പ്രിയപ്പെട്ടവനെന്നും അതിന് വ്യക്തമായ കാരണമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മെസ്സിയുടെയും റൊണാൾഡോയുടെയും പിൻഗാമി നെയ്മറല്ലെന്നും അത് കെയ്‌ലിൻ എംബാപ്പെയാണെന്നും വെങ്ങർ പറഞ്ഞു. കഴിഞ്ഞ ദിവസം ബീയിങ് സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്.
” രണ്ട് പേരും മികച്ച താരങ്ങളാണ്. രണ്ടിൽ നിന്ന് ഒരാളെ തിരഞ്ഞെടുക്കുക എന്നത് ബുദ്ദിമുട്ടേറിയ കാര്യമാണ്. പക്ഷെ പരിശീലക്കറിലധികവും മെസ്സിയെയാണ് തിരഞ്ഞെടുക്കുക. കാരണം കലാപരമായി മെസ്സി ഏറെ മികച്ചതാണ്. അദ്ദേഹത്തിന്റെ പ്രകടനം ഏറെ സുന്ദരമാണ്. റൊണാൾഡോയുടെ കാര്യത്തിലേക്ക് വന്നാൽ അദ്ദേഹം കൂടുതൽ ഒരു ഫിനിഷറാണ്. കൂടുതൽ വേഗതയും കരുത്തും സ്വന്തമാക്കിയ ആൾ. അത്കൊണ്ട് തന്നെ രണ്ട് പേരും രണ്ട് രീതിയിൽ പ്രാവീണ്യം തെളിയിച്ചവരാണ്. ഇരുവർക്കും ഒരു പിൻഗാമിയായി ഞാൻ കാണുന്നത് എംബാപ്പെയേയാണ്. നെയ്മറുണ്ട് എന്ന കാര്യമറിയാം. പക്ഷെ നെയ്മറെക്കാൾ വളരാൻ എംബാപ്പെക്കാവും. ചെറുപ്രായത്തിൽ തന്നെ എംബാപ്പെ അത് തെളിയിച്ചു കഴിഞ്ഞു ” വെങ്ങർ പറഞ്ഞു.