വിനീഷ്യസിന്റെ സ്വഭാവമായിരുന്നു പ്രശ്നം: തുറന്ന് പറഞ്ഞ് യുവേഫ പ്രസിഡന്റ്!
റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർ താരമായ വിനീഷ്യസ് ജൂനിയർ ഇത്തവണത്തെ ബാലൺഡി’ഓർ പുരസ്കാരം സ്വന്തമാക്കും എന്നായിരുന്നു ഫുട്ബോൾ ലോകം ഒന്നടങ്കം പ്രതീക്ഷിച്ചിരുന്നത്.എന്നാൽ അങ്ങനെയല്ല സംഭവിച്ചത്.വിനിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ട് മാഞ്ചസ്റ്റർ സിറ്റിയുടെ റോഡ്രി ഈ പുരസ്കാരം സ്വന്തമാക്കി. ഇത് ഫുട്ബോൾ ലോകത്ത് വലിയ കോലാഹലങ്ങൾ സൃഷ്ടിച്ചു.ഈ വിഷയത്തിൽ രണ്ട് തട്ടിലാണ് ഇപ്പോൾ ഫുട്ബോൾ ലോകം നിലകൊള്ളുന്നത്.
ഇത്തവണ ഫ്രാൻസ് ഫുട്ബോൾ മാഗസിനോടൊപ്പം യുവേഫയും ചേർന്നുകൊണ്ടാണ് ബാലൺഡി’ഓർ പുരസ്കാരം സമ്മാനിച്ചിട്ടുള്ളത്.വിനിക്ക് ഈ പുരസ്കാരം നൽകാത്തതിന്റെ കാരണം യുവേഫയുടെ പ്രസിഡന്റായ അലക്സാണ്ടർ സെഫറിൻ തുറന്ന് പറഞ്ഞിട്ടുണ്ട്.വിനീഷ്യസിന്റെ സ്വഭാവം തന്നെയാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.റോഡ്രി എന്തുകൊണ്ട് അർഹിക്കുന്നു എന്നതും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്.യുവേഫ പ്രസിഡണ്ടിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“വിനീഷ്യസ് എല്ലാ മത്സരങ്ങളിലും കളിക്കളത്തിൽ വെച്ചുകൊണ്ട് റഫറിമാരോടും എതിർ താരങ്ങളോടും ആരാധകരോടും എന്തൊക്കെയാണ് ചെയ്തത് എന്നത് അവർ സ്വയം വിലയിരുത്തുന്നത് ഒന്ന് നന്നാവും.ഡിഫൻസീവ് മിഡ്‌ഫീൽഡർ പൊസിഷനിൽ കളിക്കുന്ന റോഡ്രി 72 മത്സരങ്ങളിൽ പരാജയപ്പെടാതെ മുന്നോട്ടുപോയ താരമാണ്. കൂടാതെ വിനീഷ്യസിനേക്കാൾ ഗോളവസരങ്ങൾ സൃഷ്ടിച്ചത് അദ്ദേഹമാണ്.12 ഗോളുകൾ അദ്ദേഹം നേടുകയും ചെയ്തു. കൂടാതെ യൂറോ കപ്പും അതിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരവും സ്വന്തമാക്കി.പ്രീമിയർ ലീഗ് കിരീടം നേടി.പെരസിന്റെ ടീമിലായിരുന്നു റോഡ്രി എങ്കിൽ അദ്ദേഹം റോഡ്രിക്ക് നൽകാൻ ആവശ്യപ്പെടുമായിരുന്നു. ഇതിനൊക്കെ മുകളിൽ ഫുട്ബോൾ എപ്പോഴും റെസ്പെക്റ്റും എത്തിക്സും അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നതാണ് ” ഇതാണ് യുവേഫയുടെ പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.
വിനീഷ്യസിന്റെ സ്വഭാവം അദ്ദേഹത്തിന് തിരിച്ചടിയായി എന്ന് തന്നെയാണ് യുവേഫ പ്രസിഡന്റ് ഇതിലൂടെ വ്യക്തമാക്കുന്നത്. സമീപകാലത്ത് വലിയ ഉടക്കിലൂടെയാണ് റയൽ മാഡ്രിഡും യുവേഫയും കടന്നുപോകുന്നത്. അതിന്റെ പരിണിതഫലമായി കൊണ്ടാണ് യുവേഫ ഈ ബാലൺഡി’ഓർ നിഷേധിച്ചത് എന്നാണ് റയൽ മാഡ്രിഡ് ഇപ്പോൾ വിശ്വസിക്കുന്നത്.