റോഡ്രിയെ ബഹുമാനിക്കുന്നു, പക്ഷേ വിനിയാണ് ബാലൺഡി’ഓർ അർഹിച്ചത്: പിന്തുണയുമായി നാച്ചോയും
ഇത്തവണത്തെ ബാലൺഡി’ഓർ പുരസ്കാരം ബ്രസീലിയൻ സൂപ്പർ താരമായ വിനീഷ്യസ് ജൂനിയറെ മറികടന്നുകൊണ്ട് റോഡ്രി സ്വന്തമാക്കിയിരുന്നു. കേവലം 41 പോയിന്റിനാണ് വിനിക്ക് ബാലൺഡി’ഓർ നഷ്ടമായത്.ഇക്കാര്യത്തിൽ ഫുട്ബോൾ ലോകത്ത് വലിയ കോലാഹലങ്ങൾ അരങ്ങേറിയിരുന്നു.റോഡ്രിയേക്കാൾ കൂടുതൽ ഈ പുരസ്കാരം അർഹിച്ചിരുന്നത് വിനീഷ്യസായിരുന്നു എന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു.
ആ കൂട്ടത്തിലേക്ക് മുൻ റയൽ മാഡ്രിഡ് താരമായിരുന്ന നാച്ചോ കൂടി കടന്നുവന്നിട്ടുണ്ട്.റോഡ്രിക്കൊപ്പം സ്പെയിനിൽ കളിച്ചിട്ടുള്ള താരം കൂടിയാണ് നാച്ചോ.വിനീഷ്യസ് ജൂനിയറാണ് ഈ പുരസ്കാരം അർഹിച്ചത് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.റോഡ്രിയെ താൻ ബഹുമാനിക്കുന്നുണ്ടെന്നും എന്നാൽ ലോകത്തെ ഏറ്റവും മികച്ച വിനീഷ്യസാണെന്നും നാച്ചോ കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഞാനായിരുന്നുവെങ്കിൽ ബാലൺഡി’ഓർ പുരസ്കാരം വിനീഷ്യസിന് നൽകുമായിരുന്നു.അക്കാര്യത്തിൽ യാതൊരുവിധ സംശയങ്ങളും ഇല്ല. ഞാൻ റോഡ്രിയെ ബഹുമാനിക്കുന്നുണ്ട്.അദ്ദേഹത്തിന് ഞാൻ മെസ്സേജ് അയച്ചിരുന്നു.അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തിട്ടുണ്ട്.അദ്ദേഹത്തിന്റെ കാര്യത്തിൽ ഞാൻ ഹാപ്പിയാണ്. അതുപോലെതന്നെ ബെല്ലിങ്ങ്ഹാം,കാർവ്വഹൽ എന്നിവരുടെ കാര്യത്തിലും ഹാപ്പിയാണ്. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഇപ്പോൾ ലോകത്തെ ഏറ്റവും മികച്ച താരം വിനീഷ്യസ് തന്നെയാണ് “ഇതാണ് നാച്ചോ പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു നാച്ചോ റയൽ മാഡ്രിഡ് വിട്ടത്. നിലവിൽ സൗദി അറേബ്യയിലാണ് അദ്ദേഹം കളിച്ചുകൊണ്ടിരിക്കുന്നത്.അതുകൊണ്ടുതന്നെ താരത്തിന് ഇപ്പോൾ സ്പെയിൻ ദേശീയ ടീമിൽ ഇടം ലഭിക്കാറില്ല. അതിനെതിരെ അദ്ദേഹം തന്റെ നിരാശ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.