റൊണാൾഡോക്കോ മെസ്സിക്കോ അല്ല,ആ ബാലൺ ഡി’ഓർ തനിക്ക് അവകാശപ്പെട്ടതായിരുന്നു : റിബറി

കഴിഞ്ഞ 10 വർഷത്തിനിടയിലുള്ള ഭൂരിഭാഗം ബാലൺ ഡി’ഓർ പുരസ്കാരങ്ങളും ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയുമായിരുന്നു സ്വന്തമാക്കിയിരുന്നത്.2013-ലെ ബാലൺ കരസ്ഥമാക്കിയിരുന്നത് റൊണാൾഡോ തന്നെയായിരുന്നു. രണ്ടാം സ്ഥാനം സൂപ്പർതാരം ലയണൽ മെസ്സി കരസ്ഥമാക്കിയപ്പോൾ മൂന്നാം സ്ഥാനത്ത് ഫ്രഞ്ച് സൂപ്പർ താരമായിരുന്ന ഫ്രാങ്ക് റിബറിയായിരുന്നു ഇടം നേടിയിരുന്നത്.

എന്നാൽ അന്ന് തന്നെ ഇതിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു.റൊണാൾഡോ,മെസ്സി എന്നിവരെക്കാൾ അർഹൻ റിബറിയായിരുന്നുവെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടമുൾപ്പെടെ നിരവധി കിരീടങ്ങൾ ബയേണിനൊപ്പം നേടാൻ റിബറിക്ക് സാധിച്ചിരുന്നു.ആ സീസണിൽ മികച്ച പ്രകടനമായിരുന്നു താരം പുറത്തെടുത്തിരുന്നത്.

ഇപ്പോഴിതാ ആ വിഷയത്തെക്കുറിച്ച് ഒരിക്കൽ കൂടി റിബറി സംസാരിച്ചിട്ടുണ്ട്. അതായത് 2013-ലെ ബാലൺ ഡി’ഓർ പുരസ്കാരം തനിക്ക് അവകാശപ്പെട്ടതായിരുന്നു എന്നാണ് റിബറി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ലാ ഗസറ്റ ഡെല്ലോ സ്പോർട് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” നീതിരഹിതമായ ഒരു കാര്യമായിരുന്നു അന്ന് അവിടെ സംഭവിച്ചത്.എന്നെ സംബന്ധിച്ചിടത്തോളം ആ സീസൺ അത്ഭുതകരമായ ഒരു സീസണായിരുന്നു. യഥാർത്ഥത്തിൽ ആ ബാലൺ ഡി ഓർ പുരസ്കാരം ഞാനായിരുന്നു അർഹിച്ചിരുന്നത്. അവർ വോട്ടിങ്ങിനുള്ള കാലാവധി നീട്ടുകയായിരുന്നു. അപരിചിതമായ പല കാര്യങ്ങളും അന്ന് സംഭവിച്ചിട്ടുണ്ട്. ഞാനൊരു പൊളിറ്റിക്കൽ ചോയ്സായിരുന്നു എന്നാണ് ഇതേക്കുറിച്ച് എനിക്ക് അനുഭവപ്പെട്ടത് ” ഇതാണ് റിബറി പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ വർഷത്തെ ബാലൺ ഡി ഓർ പുരസ്കാരം ലെവന്റോസ്ക്കിയെ മറികടന്നുകൊണ്ട് നേടാൻ മെസ്സിക്ക് സാധിച്ചിരുന്നു.അതേസമയം ഈ വർഷം ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത് കരിം ബെൻസിമക്കാണ്.

Leave a Reply

Your email address will not be published. Required fields are marked *