മെസ്സി നേടിയത് അർഹതയില്ലാത്ത ഫിഫ ബെസ്റ്റോ? പ്രതികരിച്ച് റൊണാൾഡീഞ്ഞോ!

2023ലെ ഏറ്റവും മികച്ച താരത്തിനുള്ള ഫിഫ പുരസ്കാരം സ്വന്തമാക്കിയത് അർജന്റൈൻ നായകനായ ലയണൽ മെസ്സിയാണ്.ഏർലിംഗ് ഹാലന്റിനെയായിരുന്നു മെസ്സി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയിരുന്നത്.എന്നാൽ ഇതേ തുടർന്ന് വലിയ വിവാദം പൊട്ടിപ്പുറപ്പെട്ടു. മെസ്സി നേടിയത് അർഹതയില്ലാത്ത പുരസ്കാരമാണ് എന്ന ആരോപണങ്ങൾ വളരെ ശക്തമായി.ഹാലന്റിനെ തഴഞ്ഞതിൽ ഫുട്ബോൾ ലോകത്ത് പ്രതിഷേധം ഉയരുകയും ചെയ്തു.

എഫ്സി ബാഴ്സലോണയുടെ ബ്രസീലിയൻ ഇതിഹാസമായ റൊണാൾഡീഞ്ഞോയോട് ഇതേക്കുറിച്ച് അഭിപ്രായം തേടിയിരുന്നു. കഴിഞ്ഞ വർഷത്തെ മികച്ച താരത്തിനുള്ള പുരസ്കാരം മെസ്സിക്ക് ലഭിച്ചതിനെ എങ്ങനെ നോക്കിക്കാണുന്നു എന്നായിരുന്നു ചോദ്യം. ഒന്നോ രണ്ടോ വർഷത്തിന്റെ മാത്രം അടിസ്ഥാനത്തിൽ മെസ്സിയെ വിലയിരുത്താൻ പാടില്ലെന്നും ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് ലയണൽ മെസ്സി എന്നുമാണ് ഇതിന് മറുപടിയായി കൊണ്ട് ഡീഞ്ഞോ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് ലയണൽ മെസ്സി. ആ താരത്തെക്കുറിച്ച് എങ്ങനെയാണ് ഒന്നോ രണ്ടോ വർഷത്തെ മികച്ച താരം അദ്ദേഹമാണോ എന്ന് ചർച്ച ചെയ്യാൻ സാധിക്കുക?എന്നെ സംബന്ധിച്ചിടത്തോളം ഇപ്പോഴും ലോകത്തെ ഏറ്റവും മികച്ച താരം ലയണൽ മെസ്സി മാത്രമാണ്. അത് വളരെ സിമ്പിൾ ആയ ഒരു കാര്യമാണ് ” ഇതാണ് ഡീഞ്ഞോ പറഞ്ഞിട്ടുള്ളത്.

എഫ്സി ബാഴ്സലോണയിലെ കരിയറിന്റെ തുടക്കകാലത്ത് മെസ്സിയെ സഹായിച്ച സഹതാരം കൂടിയാണ് റൊണാൾഡീഞ്ഞോ.പിന്നീട് അധികം വൈകാതെ ഡീഞ്ഞോക്ക് ബാഴ്സലോണ വിടേണ്ടി വരികയായിരുന്നു.നിലവിൽ ലയണൽ മെസ്സി യൂറോപ്പ്യൻ ഫുട്ബോൾ തന്നെ അവസാനിപ്പിച്ചിട്ടുണ്ട്. അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിക്കൊപ്പമാണ് അദ്ദേഹം ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *