മെസ്സിയെ സന്തുഷ്ടനാക്കുക എന്നതാണ് പ്രധാനം: ഡി പോൾ
അർജൻ്റീന ഏറെ പ്രതീക്ഷയർപ്പിക്കുന്ന മധ്യനിര താരമാണ് ഇറ്റാലിയൻ ക്ലബ്ബ് യുഡ്നീസിയുടെ റോഡ്രിഗോ ഡി പോൾ. കഴിഞ്ഞ ദിവസം TYC സ്പോർസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ലയണൽ മെസ്സിയെക്കുറിച്ചും അർജൻ്റയ്ൻ ദേശീയ ടീമിനെക്കുറിച്ചും സംസാരിക്കുകയുണ്ടായി. മെസ്സിയെ സന്തുഷ്ടനാക്കുക എന്നത് അർജൻ്റീനക്ക് ഏറെ പ്രധാനപ്പെട്ട കാര്യമാണെന്ന് പറഞ്ഞ ഡി പോൾ ദേശീയ ടീമിനായി കഴിയുന്നത്ര കളിക്കുകയാണ് തൻ്റെ ലക്ഷ്യമെന്നും കൂട്ടിച്ചേർത്തു.
Rodrigo de Paul of Udinese says it's not easy being Lionel Messi while also talking about his adaptation period with the Argentina national team. https://t.co/NyZZAgEcrp
— Mundo Albiceleste 🇦🇷 (@MundoAlbicelest) July 26, 2020
മെസ്സിയെക്കുറിച്ച് പറഞ്ഞത്
“മെസ്സിയെ സന്തുഷ്ടനാക്കുക എന്നതാണ് ഏറ്റവും പ്രധാനം, അത് കളിക്കളത്തിൽ അദ്ദേഹത്തിന് ആത്മവിശ്വാസം നൽകും. പലപ്പോഴും മെസ്സിയെപ്പോലെ ആവുക എന്നത് ബുദ്ധിമുട്ടാണ്. ടീമിൻ്റെ ആക്രമണങ്ങൾ മെനയണം, റഫറിമാരുമായി ആശയവിനിമയം നടത്തണം അങ്ങനെ പല കാര്യങ്ങൾ ചെയ്യേണ്ടി വരും. അതുകൊണ്ട് ഒന്നാമത്തെ കാര്യം അദ്ദേഹത്തെ സന്തുഷ്ടനാക്കുക എന്നതാണ്. പെനാൽറ്റി ഏരിയയിൽ വെച്ച് കഴിയുന്നതും ഞങ്ങൾ മെസ്സിക്ക് പന്തെത്തിക്കാൻ ശ്രമിക്കും, അത് ഗോൾ പിറക്കാനുള്ള സാധ്യത വർധിപ്പിക്കും. കഴിഞ്ഞ തലമുറ മെസ്സിയെ സന്തുഷ്ടനാക്കിയതിൻ്റെ ഫലമായിട്ടാണ് ഫൈനലുകൾ കളിച്ചത്, ഞങ്ങൾക്കും അതിനാവുമെന്നാണ് പ്രതീക്ഷ. കോപ്പ അമേരിക്ക മത്സരങ്ങൾ ഞങ്ങളെല്ലാം ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു, പക്ഷേ അത് മാറ്റിവെച്ചു”.
അർജൻ്റീനക്കായി കളിക്കുന്നതിനെക്കുറിച്ച് പറഞ്ഞത്
” കഴിയുന്നത്ര അർജൻ്റീനക്കായി കളിക്കുക എന്നതാണ് എൻ്റെ ലക്ഷ്യം. പത്ത് വർഷമോ അതിൽ കൂടുതലോ കളിക്കാനായാൽ അത് വലിയ കാര്യമാണ്, ഞാൻ അതിനായി പ്രരിശ്രമിക്കും. എന്നെ സംബന്ധിച്ചിടത്തോളം അർജൻ്റീനക്കായി കളിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. തീർച്ചയായും യുഡ്നീസിയിൽ കളിക്കുന്ന പോലെ തന്നെ മറ്റു വലിയ ക്ലബ്ബുകളിലും എനിക്ക് കളിക്കാനാവും എന്നുറപ്പുണ്ട്. പക്ഷേ അർജൻ്റയ്ൻ ജെഴ്സി അണിയുക എന്നത് ഒട്ടും എളുപ്പമല്ല”.