മെസ്സിയെ നേരിടുന്നതിനേക്കാൾ ബുദ്ധിമുട്ട് ഹാലന്റിനെ നേരിടാൻ: വിശദീകരിച്ച് റയൽ ഡിഫൻഡർ.
ഇന്ന് റയൽ മാഡ്രിഡിന്റെ പ്രതിരോധനിരയിലെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ് അന്റോണിയോ റൂഡിഗർ.ഈ സീസണിൽ മികച്ച പ്രകടനമാണ് റയൽ മാഡ്രിഡ് പുറത്തെടുക്കുന്നത്.അതിൽ വലിയ പങ്ക് വഹിക്കാൻ റൂഡിഗറിന് സാധിക്കുന്നുണ്ട്.റയലിന്റെ നിരയിലെ സ്ഥിര സാന്നിധ്യമാണ് അദ്ദേഹം.ഈ സീസണിൽ ആകെ 21 മത്സരങ്ങൾ ഡിഫൻഡർ കളിച്ചു കഴിഞ്ഞു.
കരിയറിൽ ഇതുവരെ നേരിട്ട എതിരാളികളിൽ ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കിയ എതിരാളികളെ കുറിച്ച് റൂഡിഗറിനോട് ചോദിക്കപ്പെട്ടിരുന്നു. വ്യത്യസ്തമായ രീതിയിലുള്ള മറുപടിയാണ് ഇദ്ദേഹം നൽകിയത്. മെസ്സിയെ നേരിടുന്നതിനേക്കാൾ കൂടുതൽ ബുദ്ധിമുട്ട് അനുഭവപ്പെടുക ഹാലന്റിനെ നേരിടുമ്പോഴാണ് എന്നാണ് റൂഡിഗർ ഇതിന് മറുപടി പറഞ്ഞത്. ഉയരമാണ് അദ്ദേഹം ഇതിന്റെ കാരണമായി കൊണ്ട് ചൂണ്ടി കാണിച്ചിട്ടുള്ളത്.റൂഡിഗറുടെ വാക്കുകൾ ഇങ്ങനെയാണ്.
Throwback to when Rudiger did this to Erling Haaland in the Champions League 😭
— CentreGoals. (@centregoals) October 3, 2023
pic.twitter.com/FHaUqTdsG2
” കടുത്ത എതിരാളികളെ ഡിഫൻഡ് ചെയ്യുന്നത് ഞാൻ ശരിക്കും ഇഷ്ടപ്പെടുന്നുണ്ട്. അതിനുവേണ്ടിയാണ് സത്യത്തിൽ ഞാൻ ജീവിക്കുന്നത് തന്നെ. എല്ലാ സാധ്യതകളും നമുക്ക് എതിരാകുന്ന സാഹചര്യങ്ങൾ ഉണ്ടാവാറുണ്ട്,ആ സാഹചര്യങ്ങളെ ശരിക്കും ഞാൻ ഇഷ്ടപ്പെടാറുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഏർലിംഗ് ഹാലന്റ്,വിക്ടർ ഒസിമെൻ തുടങ്ങിയ താരങ്ങളെ പ്രതിരോധിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം അവർ ഉയരമുള്ള താരങ്ങളാണ്.അവരെ നേരിടാനാണ് ബുദ്ധിമുട്ട് കൂടുതൽ.ലയണൽ മെസ്സിയെ പോലെയുള്ള ഉയരം കുറഞ്ഞ താരങ്ങളെ നേരിടാൻ എനിക്ക് അത്ര ബുദ്ധിമുട്ട് അനുഭവപ്പെടാറില്ല.പക്ഷേ ഉയരമുള്ള താരങ്ങൾക്കെതിരെ കളിക്കാനാണ് ഞാൻ എപ്പോഴും ആഗ്രഹിക്കാറുള്ളത്. എനിക്ക് ആ ബുദ്ധിമുട്ടാണ് വേണ്ടത് “ഇതാണ് അന്റോണിയോ റൂഡിഗർ പറഞ്ഞിട്ടുള്ളത്.
ചെൽസിയിൽ ആയിരുന്ന സമയത്ത് ലയണൽ മെസ്സിക്കെതിരെ കളിക്കാൻ റൂഡിഗറിന് സാധിച്ചിട്ടുണ്ട്. അതേസമയം റയൽ മാഡ്രിഡിൽ വെച്ച് ഏർലിംഗ് ഹാലന്റിനെയും റൂഡിഗർ നേരിട്ടിട്ടുണ്ട്.ഇനി റയൽ മാഡ്രിഡ് അടുത്ത മത്സരത്തിൽ വിയ്യാറയലിനെയാണ് നേരിടുക.വരുന്ന ഞായറാഴ്ച രാത്രി ഇന്ത്യൻ സമയം 1:30ന് സാന്റിയാഗോ ബെർണാബുവിൽ വെച്ച് കൊണ്ടാണ് ഈ മത്സരം നടക്കുക.