മെസ്സിയുടെ വാക്കുകൾ ഹൃദയത്തിൽ സ്പർശിച്ചു : സ്വയം തിരുത്തി ലെവന്റോസ്ക്കി!
ഈ വർഷത്തെ ബാലൺ ഡി’ഓർ പുരസ്‌കാരം റോബർട്ട് ലെവന്റോസ്ക്കിയെ പിന്തള്ളി കൊണ്ട് സൂപ്പർ താരം ലയണൽ മെസ്സി സ്വന്തമാക്കിയിരുന്നു. ഈ പുരസ്‌കാരം സ്വീകരിച്ചതിന് ശേഷം നടത്തിയ പ്രസംഗത്തിൽ ലെവന്റോസ്ക്കിയെ പ്രശംസിക്കാൻ മെസ്സി മറന്നിരുന്നില്ല.2020-ലെ ബാലൺ ഡി’ഓർ ലെവന്റോസ്ക്കി അർഹിച്ചിരുന്നുവെന്നും ഫ്രാൻസ് ഫുട്ബോൾ അത് ലെവന്റോസ്ക്കി നൽകണമെന്നുമായിരുന്നു മെസ്സി പറഞ്ഞിരുന്നത്. എന്നാൽ ഈ വാക്കുകളോടുള്ള ലെവന്റോസ്ക്കിയുടെ പ്രതികരണം ഒരല്പം വിചിത്രമായിരുന്നു. മെസ്സിയുടെ പ്രസ്താവനയിൽ സംശയം പ്രകടിപ്പിച്ച താരം അത് വെറും വാക്കുകൾ അല്ലാതിരിക്കാൻ ആഗ്രഹിക്കുകയും ചെയ്തിരുന്നു.
എന്നാൽ ആ പ്രസ്താവനയെ ഇപ്പോൾ ലെവന്റോസ്ക്കി തന്നെ സ്വയം തിരുത്തിയിട്ടുണ്ട്. മെസ്സിയുടെ വാക്കുകൾ തന്റെ ഹൃദയത്തിൽ സ്പർശിച്ചുവെന്നും മെസ്സി പറഞ്ഞത് വെറും വാക്കുകൾ അല്ലെന്നുമാണ് ഇപ്പോൾ ലെവന്റോസ്ക്കി അറിയിച്ചിട്ടുള്ളത്.കഴിഞ്ഞ ദിവസം ജർമ്മൻ മാധ്യമമായ ബിൽഡിനോട് സംസാരിക്കുകയായിരുന്നു ലെവന്റോസ്ക്കി. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) December 22, 2021
” മെസ്സി എന്നെക്കുറിച്ച് പറഞ്ഞ വാക്കുകൾ എന്റെ ഹൃദയത്തിൽ സ്പർശിച്ചു.അതൊരിക്കലും വെറും വാക്കുകൾ ആയിരുന്നില്ല.എന്റെ കരിയറിലെ മനോഹരമായ നിമിഷങ്ങളിൽ ഒന്നായിരുന്നു അത്.ഞാൻ മെസ്സിയുമായി കുറച്ചു നേരം മാത്രമേ നേരിട്ട് സംസാരിച്ചിട്ടുള്ളൂ. എന്തെന്നാൽ എന്റെ സ്പാനിഷ് അത്ര നല്ലതായിരുന്നില്ല.ഞാൻ എംബപ്പേയോട് ഇംഗ്ലീഷിൽ സംസാരിച്ചു.അദ്ദേഹം അത് മെസ്സിക്ക് ട്രാൻസ്ലേറ്റ് ചെയ്തു നൽകി. മറക്കാനാവാതെ ഒരു രാത്രിയായിരുന്നു അന്ന് ” ഇതാണ് ലെവന്റോസ്ക്കി പറഞ്ഞത്.
ഈ വർഷത്തെ ടോപ് സ്‌കോറർക്കുള്ള അവാർഡ് ലെവന്റോസ്ക്കിയായിരുന്നു സ്വന്തമാക്കിയിരുന്നത്. ഈ സീസണിലും മികച്ച ഫോമിലാണ് താരം കളിച്ചു കൊണ്ടിരിക്കുന്നത്.