ബാലൺ ഡി’ഓർ മെസ്സിക്കെന്ന വാർത്ത, അസംബന്ധമെന്ന് ഫ്രാൻസ് ഫുട്ബോൾ!

ഈ വരുന്ന നവംബർ 29-ആം തിയ്യതിയാണ് ഫ്രാൻസ് ഫുട്ബോൾ ലോകത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺ ഡി’ഓർ പുരസ്‌കാരം സമ്മാനിക്കുക. കോവിഡ് പ്രശ്നങ്ങൾ കാരണം കഴിഞ്ഞ തവണ ബാലൺ ഡി’ഓർ നൽകിയിരുന്നില്ല. അത്കൊണ്ട് തന്നെ ഇത്തവണ ആര് നേടുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് ഫുട്ബോൾ ലോകം.

എന്നാൽ ഇതിനിടെ ഒരു പോർച്ചുഗീസ് മാധ്യമം ഒരു റിപ്പോർട്ട്‌ പുറത്ത് വിട്ടിരുന്നു. ഇത്തവണത്തെ ബാലൺ ഡി’ഓർ മെസ്സിക്ക് തന്നെയാണ് എന്നാണ് ഇവിടെ ഉറപ്പിച്ചു പറഞ്ഞത്. അക്കാര്യം ഫ്രാൻസ് ഫുട്ബോൾ മെസ്സിയെ അറിയിച്ചെന്നും അഭിമുഖം വരെ കഴിഞ്ഞെന്നുമായിരുന്നു ഇവരുടെ റിപ്പോർട്ട്‌.എന്നാൽ ഇതിനെ പൂർണ്ണമായും തള്ളിക്കൊണ്ട് ഇപ്പോൾ ഫ്രാൻസ് ഫുട്ബോൾ രംഗത്ത് വന്നിട്ടുണ്ട്. തീർത്തും അസംബന്ധം എന്നാണ് ഫ്രാൻസ് ഫുട്ബോളിന്റെ എഡിറ്ററായ പാസ്‌ക്കൽ ഫെറെ അറിയിച്ചത്.

” കഴിഞ്ഞ പത്ത് വർഷമായി ഇത്തരത്തിലുള്ള ഒരുപാട് അസംബന്ധങ്ങൾ നമ്മൾ കാണുന്നുണ്ട്.ഇതൊക്കെ വലിയ കബളിപ്പിക്കലാണ് ” ഇതാണ് പാസ്ക്കൽ ബിൽഡ് എന്ന മാധ്യമത്തോട് അറിയിച്ചത്.

ഏതായാലും ബാലൺ ഡി’ഓർ ആർക്കായിരിക്കുമെന്നുള്ള കാര്യം ഇതുവരെ നിശ്ചയിച്ചിട്ടില്ല എന്നാണ് ഫ്രാൻസ് ഫുട്ബോൾ എഡിറ്ററുടെ വാക്കുകളിൽ നിന്നും വ്യക്തമാവുന്നത്. ലയണൽ മെസ്സി, റോബർട്ട്‌ ലെവന്റോസ്ക്കി എന്നിവരിൽ ഒരാൾക്കാണ് ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. മെസ്സി ഏഴാം ബാലൺ ഡി’ഓറാണ് ലക്ഷ്യമിടുന്നതെങ്കിൽ കന്നി ബാലൺ ഡി’ഓറിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ലെവന്റോസ്ക്കി.

Leave a Reply

Your email address will not be published. Required fields are marked *