ബാലൺ ഡി’ഓറിന് മെസ്സിയേക്കാൾ അർഹൻ ലെവന്റോസ്ക്കി, അഭിപ്രായവുമായി ഇംഗ്ലീഷ് ഇതിഹാസങ്ങൾ!

ഈ മാസമവസാനമാണ് ഇത്തവണത്തെ ബാലൺ ഡി’ഓർ ജേതാവിനെ ഫ്രാൻസ് ഫുട്ബോൾ പ്രഖ്യാപിക്കുക. കൃത്യമായി പറഞ്ഞാൽ നവംബർ 29-ആം തിയ്യതി ഈ വർഷത്തെ ഏറ്റവും മികച്ച താരത്തെ നമുക്ക് അറിയാൻ സാധിക്കും. സൂപ്പർ താരങ്ങളായ ലയണൽ മെസ്സി, റോബർട്ട്‌ ലെവന്റോസ്ക്കി എന്നിവർക്കിടയിലായിരിക്കും കടുത്ത പോരാട്ടം നടക്കുക.

പലരും ലയണൽ മെസ്സിക്കാണ് ഇത്തവണ സാധ്യത കല്പിക്കപ്പെടുന്നത്. എന്നാൽ ഇത്തവണത്തെ ബാലൺ ഡി’ഓറിന് മെസ്സിയേക്കാൾ അർഹൻ റോബർട്ട്‌ ലെവന്റോസ്ക്കിയാണ് എന്ന അഭിപ്രായവുമായി രംഗത്ത് വന്നിരിക്കുകയാണിപ്പോൾ മുൻ ഇംഗ്ലീഷ് ഇതിഹാസങ്ങളായ പീറ്റർ ക്രൗച്ചും റിയോ ഫെർഡിനാന്റും.കഴിഞ്ഞ ദിവസം ബിടി സ്പോർട്സിന്റെ ഒരു പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു ഇരുവരും.മുൻ ലിവർപൂൾ ഇതിഹാസമായ പീറ്റർ ക്രൗച്ചിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” എനിക്കൊരിക്കലും മെസ്സിക്ക് വേണ്ടി വാദിക്കാനാവില്ല.അതാണ് സത്യാവസ്ഥ.ഇതുവരെ കരിയറിൽ റോബർട്ട്‌ ലെവന്റോസ്ക്കി ബാലൺ ഡി’ഓർ നേടിയിട്ടില്ല. അതൊരുതരം പരിഹാസമായാണ് അഭിപ്രായപ്പെട്ടത്.ഈ വർഷം അദ്ദേഹം നേടിയ ഗോളുകൾ പരിഗണിക്കുമ്പോൾ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഇതൊരു പ്രത്യേകതയുള്ള വർഷമാണ്. മെസ്സിയും റൊണാൾഡോയും അവരുടെ ബെഞ്ച്മാർക്ക് ഇതിനോടകം തന്നെ രേഖപ്പെടുത്തിയതാണ്. അതുകൊണ്ടുതന്നെ ഈ വർഷം ബാലൺ ഡി’ഓർ റോബർട്ട് ലെവൻഡോവ്സ്ക്കി അർഹിക്കുന്നു ” ഇതാണ് ക്രൗച്ച് പറഞ്ഞത്.

അതേസമയം മുൻ യുണൈറ്റഡ് ഇതിഹാസമായ ഫെർഡിനാന്റ് ഇതിനോട് യോജിക്കുകയും ചെയ്തു. ” ഈ വർഷം 38 മത്സരങ്ങളാണ് ലെവൻഡോവ്സ്ക്കി കളിച്ചിട്ടുള്ളത്. അതിൽ നിന്ന് 50 ഗോളുകൾ അദ്ദേഹം നേടി കഴിഞ്ഞു. ആരും അതിന്റെ അടുത്ത് പോലുമില്ല.അദ്ദേഹത്തിന്റെ ഗോളുകളൊക്കെ അത്ഭുതപ്പെടുത്തുന്നതാണ്.ഓരോ ടൈപ്പ് ഗോളുകളാണ് അദ്ദേഹം നേടുന്നത്. അത്കൊണ്ടാണ് ഞാൻ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നത് ” ഇതാണ് ഫെർഡിനാന്റ് പറഞ്ഞത്.

ഏതായാലും മെസ്സിയാണോ അതോ ലെവന്റോസ്ക്കിയാണോ ഇനി മറ്റാരെങ്കിലുമാണോ ഇത്തവണത്തെ ബാലൺ ഡി’ഓർ നേടുക എന്നറിയാൻ ഇനി ദിവസങ്ങളുടെ ദൂരം മാത്രമേയൊള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *