ബാലൺഡി’ഓർ നേടി,മെസ്സിക്ക് ഹൃദയസ്പർശിയായ സന്ദേശവുമായി റൊണാൾഡീഞ്ഞോ.

തന്റെ കരിയറിലെ എട്ടാമത്തെ ബാലൺഡി’ഓർ പുരസ്കാരമാണ് സൂപ്പർ താരം ലയണൽ മെസ്സി ഇന്നലെ കരസ്ഥമാക്കിയിട്ടുള്ളത്. പാരീസിൽ വെച്ച് നടന്ന ചടങ്ങിൽ ഡേവിഡ് ബെക്കാമാണ് മെസ്സിക്ക് ഈ അവാർഡ് കൈമാറിയത്. എല്ലാ താരങ്ങളും സ്റ്റാൻഡിങ് ഓവിയേഷൻ നൽകി കൊണ്ടാണ് മെസ്സിയെ ആദരിച്ചത്. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബാലൺഡി’ഓർ പുരസ്കാരങ്ങളുള്ള താരമായി മാറാൻ മെസ്സിക്ക് ഇപ്പോൾ സാധിച്ചിട്ടുണ്ട്.

ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും പ്രശസ്ത വ്യക്തികളിൽ നിന്നും ലയണൽ മെസ്സിക്ക് അഭിനന്ദനങ്ങളുടെ പ്രവാഹമാണ്. മെസ്സിയുടെ കരിയറിന്റെ തുടക്കകാലത്തിൽ അദ്ദേഹത്തെ വളരെയധികം സഹായിച്ച സൂപ്പർ താരമാണ് റൊണാൾഡീഞ്ഞോ.ലയണൽ മെസ്സിയുടെ സുഹൃത്ത് കൂടിയാണ് ഈ ബ്രസീലിയൻ ഇതിഹാസം.ഈ അവാർഡ് നേടിയതിന് പിന്നാലെ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ ഹൃദയസ്പർശിയായ ഒരു സന്ദേശം ലയണൽ മെസ്സിക്ക് ഡീഞ്ഞോ നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.

” അഭിനന്ദനങ്ങൾ ലിയോ മെസ്സി.ഒരിക്കൽ കൂടി ലോകത്തെ ഏറ്റവും മികച്ച താരമായി മാറിയിരിക്കുന്നു. നിന്റെ കാര്യത്തിൽ ഞാൻ വളരെയധികം സന്തോഷവാനാണ് സഹോദരാ.ബിഗ് ഹഗ് ” ഇതാണ് ഡീഞ്ഞോ മെസ്സിക്ക് നൽകിയിട്ടുള്ള സന്ദേശം.അതേസമയം മറ്റൊരു ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർ ജൂനിയറും തന്റെ ഇൻസ്റ്റാഗ്രാമിലൂടെ ലയണൽ മെസ്സിയെ അഭിനന്ദിച്ചിരുന്നു.

നേരത്തെ ബാലൺഡി’ഓർ പുരസ്കാരം നേടിയിട്ടുള്ള താരമാണ് റൊണാൾഡീഞ്ഞോ.2004ലെ വോട്ടെടുപ്പിൽ അദ്ദേഹം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. എന്നാൽ തൊട്ടടുത്ത വർഷം അദ്ദേഹം ബാലൺഡി’ഓർ സ്വന്തമാക്കുകയായിരുന്നു.ഫ്രാങ്ക് ലംപാർഡ്,സ്റ്റീവൻ ജെറാർഡ് എന്നിവരെ പിന്തള്ളി കൊണ്ടായിരുന്നു ഡീഞ്ഞോ ബാലൺഡി’ഓർ നേടിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *