പൊളിറ്റിക്കൽ അവാർഡ്,മിസ്റ്റർ പെർഫെക്ടിനെയാണ് ആവിശ്യം : തനിക്ക് ബാലൺ ഡി’ഓർ കിട്ടാത്തതിനെ കുറിച്ച് സ്ലാട്ടൻ പറയുന്നു!
ഫുട്ബോൾ ലോകത്തെ ഇതിഹാസ താരങ്ങളിലൊരാളാണ് സ്ലാട്ടൻ ഇബ്രാഹിമോവിച്ച് എന്നുള്ള കാര്യത്തിൽ ആർക്കും തർക്കം കാണില്ല. ക്ലബ്ബ് കരിയറിൽ അഞ്ഞൂറിലധികം ഗോളുകൾ സ്ലാട്ടൻ നേടിയിട്ടുണ്ട്.ഈ നാൽപതാമത്തെ വയസ്സിലും അദ്ദേഹം ഫുട്ബോൾ ലോകത്തെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
എന്നാൽ ലോകത്തെ ഏറ്റവും മികച്ച താരത്തിന് സമ്മാനിക്കുന്ന ബാലൺ ഡി’ ഓർ പുരസ്കാരം അദ്ദേഹത്തിന് ഇതുവരെ ലഭിച്ചിട്ടില്ല.ഇതിന്റെ കാരണമിപ്പോൾ സ്ലാട്ടൻ പങ്കുവെച്ചിട്ടുണ്ട്.അതായത് മിസ്റ്റർ പെർഫെക്ട് ആയവരെയാണ് അവർക്ക് ആവശ്യം എന്നാണ് ഇദ്ദേഹം ആരോപിച്ചിരിക്കുന്നത്.എന്തും വെട്ടി തുറന്ന് പറയുന്നവർക്കൊന്നും അവർ ബാലൺ ഡി’ ഓർ നൽകില്ലെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.സ്ലാട്ടന്റെ വാക്കുകൾ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) March 28, 2022
” ഇതൊക്കെ പൊളിറ്റിക്കൽ അവാർഡുകൾ മാത്രമാണ്.അവർക്ക് എപ്പോഴും ആവശ്യം മിസ്റ്റർ പെർഫെക്ടുമാരെയാണ്. നിങ്ങൾ എന്താണ് ചിന്തിക്കുന്നത് അത് വെട്ടി തുറന്നു പറഞ്ഞാൽ നിങ്ങൾക്കത് ലഭിക്കാൻ പോവുന്നില്ല.ഒരു സൗമ്യനായ വ്യക്തിക്ക് നൽകുക എന്നുള്ളത് അവർക്ക് എളുപ്പമുള്ള കാര്യമാണ്. എന്നെ സംബന്ധിച്ചിടത്തോളം ഇതൊന്നും ഒന്നും മാറ്റാൻ പോകുന്നില്ല.ഇതെന്നെ മികച്ചവനാക്കുകയോ മോശമാക്കുകയോ ചെയ്യുന്നില്ല ” ഇതാണ് സ്ലാട്ടൻ പറഞ്ഞത്.
സൂപ്പർതാരങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഈ കാലയളവിൽ 12 ബാലൺ ഡി’ ഓറുകൾ നേടിയിട്ടുണ്ട്.മിസ്റ്റർ പെർഫെക്റ്റ്, സൗമ്യനായ വ്യക്തി എന്ന പരാമർശത്തിലൂടെ സ്ലാട്ടൻ ലക്ഷ്യം വെച്ചിരിക്കുന്നത് ഈ രണ്ട് താരങ്ങളെയാണ് എന്നുള്ളത് വളരെ വ്യക്തമാണ്.