നെയ്മർ മികച്ച നായകനല്ലെന്ന് മുൻ ബ്രസീലിയൻ സഹതാരം

പിഎസ്ജിയുടെ ബ്രസീലിയൻ സൂപ്പർ താരം നെയ്മർക്കെതിരെ വിമർശനവുമായി താരത്തിന്റെ മുൻ ബ്രസീലിയൻ സഹതാരം റാഫേൽ. നെയ്മർ മികച്ച ഒരു നായകനേ അല്ലെന്നും ഫുട്‍ബോളിൽ നെയ്മർ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും എന്നാൽ താരം തന്റെ ചുറ്റും നടക്കുന്ന കാര്യങ്ങളിലാണ് ശ്രദ്ദിക്കുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. കഴിഞ്ഞ ദിവസം ഇഎസ്പിഎന്നിന് നൽകിയ അഭിമുഖത്തിലാണ് മുൻ മാഞ്ചെസ്റ്റെർ യുണൈറ്റഡ് താരം കൂടിയായ റാഫേൽ തുറന്നടിച്ചത്. 2012 ലണ്ടൻ ഒളിമ്പിക്സിൽ നെയ്മർക്കൊപ്പം പന്ത്തട്ടിയ താരം കൂടിയാണ് റാഫേൽ.

” ബ്രസീലിന് ആവശ്യമുള്ള താരമാണ് നെയ്മർ. പക്ഷെ കളത്തിന് പുറത്തുള്ള ചില കാര്യങ്ങളിൽ നെയ്മർ ഒരുപാട് മെച്ചപ്പെടാനുണ്ട്. ഒരു ഫുട്ബോളർക്ക് വേണ്ട ഗുണങ്ങളിൽ ഒന്നാണ് അത്. കളത്തിന് പുറത്തുള്ള കാര്യങ്ങളിൽ അദ്ദേഹം മെച്ചപ്പെട്ടാൽ തീർച്ചയായും നെയ്മർക്ക് കളിക്കളത്തിൽ അദ്ദേഹത്തിന്റെ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയും. നെയ്മർ ഒരു നായകനേ അല്ല. അദ്ദേഹം ഫുട്‍ബോളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കിൽ മികച്ച താരമാവാൻ അദ്ദേഹത്തിന് കഴിയും. എന്നാൽ നെയ്മറാവട്ടെ തനിക്ക് ചുറ്റുമുള്ള കാര്യങ്ങളിലാണ് ശ്രദ്ധിക്കുന്നത്. ഫുട്ബോളിന് അദ്ദേഹം പ്രാധാന്യം നൽകുന്നതേയില്ല. ഒരു ഫുട്‍ബോളറെ സംബന്ധിച്ചെടുത്തോളം തനിക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളെ അവഗണിച്ച് ഫുട്ബോൾ മാത്രം ശ്രദ്ധിക്കുക എന്നതാണ്. എന്നാൽ നെയ്മർ മറ്റു കാര്യങ്ങളിൽ വ്യാപൃതനാണ്. എപ്പോഴും ആളുകൾ നമ്മെ അഭിനന്ദിച്ചു കൊണ്ടേയിരിക്കും. അത് സ്വാഭാവികമാണ്. എന്നാൽ സത്യം പറയുന്നത് പലർക്കും പിടിക്കില്ല. ഞാനെപ്പോഴും സത്യം പറയാനാണ് ശ്രമിക്കാറുള്ളത്. പക്ഷെ ആളുകൾ അതൊന്നും മുഖവിലക്കെടുക്കാറില്ല ” റാഫേൽ അഭിമുഖത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *