നെയ്മർക്ക് വിലക്ക്, ഡി മരിയക്കെതിരെ അന്വേഷണം

PSG vs ഒളിംപിക് മാഴ്സെ മത്സരത്തിലെ റെഡ് കാർഡുകളെക്കുറിച്ച് ചർച്ച ചെയ്യാൻ യോഗം ചേർന്ന ലീഗ് വൺ അധികൃതർ താരങ്ങൾക്കെതിരെയുള്ള ശിക്ഷാ നടപടികൾ തീരുമാനിച്ചു. റെഡ്കാർഡ് കണ്ട 5 താരങ്ങൾക്കും വ്യത്യസ്ത കാലയളവിലെ മത്സര വിലക്കാണ് നൽകിയിരിക്കുന്നത്. കൂടാതെ ആൽവെരോ ഗോൺസാലസ്, ഏഞ്ചൽ ഡി മരിയ എന്നിവർക്കെതിരെ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

ലെയ്വിൻ കുർസാവ, ജോർഡൻ അമാവി

മത്സരത്തിൽ നേരിട്ട് ഏറ്റ് മുട്ടിയ താരങ്ങളാണ് PSGയുടെ ലെയ്‌വിൻ കുർസാവയും ജോർഡൻ അമാവിയും. ഇരുവരും തമ്മിലുള്ള അടി തുടങ്ങിവെച്ചത് കർസാവയാണ്. അതിനാൽ ഏറ്റവും അധികം ശിക്ഷ ലഭിച്ചിരിക്കുന്നതും അദ്ദേഹത്തിനാണ്. 6 മത്സരങ്ങളിൽ നിന്നാണ് താരത്തിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. അമാവിയെ 3 മത്സരങ്ങളിൽ നിന്നും വിലക്കിയിട്ടുണ്ട്.

നെയ്മർക്കും പരേഡസിനും 2 +1

സൂപ്പർ താരം നെയ്മർക്കും ലിയാൺട്രോ പരേഡസിനും 3 മത്സരങ്ങളിലെ വിലക്കാണ് വിധിച്ചിരിക്കുന്നതെങ്കിലും അതിൽ ഒരു മത്സരസരത്തിലെ വിലക്ക് സസ്പെൻ്റ് ചെയ്തിരിക്കുകയാണ്. ഫലത്തിൽ 2 മത്സരങ്ങളിൽ മാത്രം ഇവർക്ക് പുറത്തിരുന്നാൽ മതി. തുടർന്ന് തിരിച്ചു വരുന്ന ആദ്യ മത്സരത്തിൽ ഇത്തരം തെറ്റുകൾ ആവർത്തിച്ചാൽ മാത്രമേ സസ്പെൻ്റ് ചെയ്ത വിലക്ക് ആക്ടീവ് ആവുകയുള്ളൂ.

ഡാരിയോ ബെനഡിറ്റോ: ഏറ്റവും ചെറിയ ശിക്ഷ

മത്സരത്തിൽ ചുവപ്പ് കാർഡ് ലഭിച്ചവരിൽ ഏറ്റവും ചെറിയ ശിക്ഷ ലഭിച്ചിരിക്കുന്നത് ഒളിംപിക് മാഴ്സെയുടെ അർജൻ്റൈൻ താരം ഡാരിയോ ബെനഡിറ്റോക്കാണ്. ഒരു മത്സരത്തിലെ വിലക്കാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. വരുന്ന ഞായറാഴ്ച ലില്ലിക്കെതിരെ നടക്കുന്ന മത്സരത്തിൽ അദ്ദേഹത്തിന് കളിക്കളത്തിൽ ഇറങ്ങാം.

ഗോൺസാലസ്, ഡി മരിയ : അന്വേഷണം

ആൽവെരോ ഗോൺസാലസിനെതിരെ നെയ്മർ ഉയർത്തിയ വംശീയ അധിക്ഷേപ ആരോപണത്തിലും ഒളിംപിക് മാഴ്സെ ഉയർത്തിയ ഡിമരിയ ഗോൺസാലസിനെ തുപ്പി എന്ന ആരോപണത്തിലും LFP അന്വേഷണം പ്രഖ്യാപിച്ചു. ഈ മാസം 23ന് ചേരുന്ന LFP മീറ്റിംഗിലേക്ക് ഇരുവരെയും വിളിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *