നെയ്മർക്ക് മുന്നിൽ മികച്ച പ്രോജക്ട് അവതരിപ്പിക്കും : പ്ലാൻ വ്യക്തമാക്കി സാന്റോസ് പ്രസിഡന്റ്
ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയറുടെ അൽ ഹിലാലുമായുള്ള കോൺട്രാക്ട് വരുന്ന സമ്മറിലാണ് അവസാനിക്കുക.ഈ കരാർ പുതുക്കാൻ അവർ താൽപര്യപ്പെടുന്നില്ല. ഒരുപക്ഷേ ജനുവരിയിൽ തന്നെ അവർ നെയ്മറെ ഒഴിവാക്കാനുള്ള സാധ്യതയുണ്ട്. പരിക്കിന്റെ പിടിയിലായതുകൊണ്ടാണ് നെയ്മറുടെ കാര്യം ഇത്രയധികം സങ്കീർണ്ണമായിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ അടുത്ത സീസണിലേക്ക് നെയ്മർക്ക് ഒരു പുതിയ ക്ലബ്ബിനെ ആവശ്യമുണ്ട്.
തന്റെ മുൻ ക്ലബ്ബായ സാൻഡോസ് എഫ്സിയിലേക്ക് പോകാൻ നെയ്മർക്ക് താല്പര്യമുണ്ട്. അദ്ദേഹത്തെ തിരികെ എത്തിക്കാൻ ശ്രമിക്കും എന്ന കാര്യം സാന്റോസിന്റെ പ്രസിഡന്റ് ഇപ്പോൾ പ്രഖ്യാപിച്ചു കഴിഞ്ഞു. നെയ്മർക്ക് മുൻപിൽ ഒരു മികച്ച പ്രോജക്ട് അവതരിപ്പിക്കും എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. നിലവിൽ ബ്രസീലിലെ സെക്കൻഡ് ഡിവിഷനിൽ കളിക്കുന്ന സാന്റോസ് ഫസ്റ്റ് ഡിവിഷനിലേക്ക് പ്രമോഷൻ ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്.സാന്റോസിന്റെ പ്രസിഡന്റായ മാഴ്സെലോ ടെയ്ക്സെയ്ര പറഞ്ഞത് ഇങ്ങനെയാണ്.
” നെയ്മറുടെ കോൺട്രാക്ട് റദ്ദാക്കി കഴിഞ്ഞാൽ, അദ്ദേഹം ഫ്രീയായി കഴിഞ്ഞാൽ ഞങ്ങൾ അദ്ദേഹത്തിനു വേണ്ടി ശ്രമിക്കും.താരവുമായും കുടുംബവുമായും ഞങ്ങൾക്ക് ഇപ്പോഴും കണക്ഷൻ ഉണ്ട്.താരത്തിന്റെ സ്ഥിതിഗതികൾ ഞങ്ങൾ നിരീക്ഷിക്കുന്നുമുണ്ട്.ഒരു മികച്ച പ്രോജക്ട് തന്നെ അദ്ദേഹത്തിന് മുന്നിൽ അവതരിപ്പിക്കാനാണ് പ്ലാൻ.പക്ഷേ ഇത് തിരക്ക് പിടിക്കേണ്ട സമയമല്ല. ഫസ്റ്റ് ഡിവിഷനിൽ കാലുറപ്പിക്കുക എന്നതാണ് ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം.കൂടാതെ സാമ്പത്തികപരമായ കാര്യങ്ങൾക്കും പ്രാധാന്യം നൽകേണ്ടതുണ്ട്. വളരെ ജാഗ്രതയോടു കൂടി നീങ്ങേണ്ട സമയമാണിത് ” ഇതാണ് സാന്റോസ് പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.
നെയ്മർക്ക് തന്റെ പഴയ ക്ലബ്ബിലേക്ക് തിരിച്ചുവരാൻ ആഗ്രഹമുണ്ടെങ്കിലും എളുപ്പമുള്ള കാര്യമായിരിക്കില്ല.കാരണം നെയ്മറുടെ സാലറി തന്നെയാണ്.സാന്റോസിലേക്ക് എത്തണമെങ്കിൽ നെയ്മർ തന്റെ സാലറിയിൽ വലിയ കുറവ് വരുത്തേണ്ട വരും. അതിന് താരം തയ്യാറാകുമോ എന്നുള്ളതൊക്കെ കാത്തിരുന്നു കാണേണ്ട കാര്യമാണ്.