തകർപ്പൻ ഹാട്രിക്കുമായി സുവാരസ്‌, അത്ഭുതം പ്രകടിപ്പിച്ച് നെയ്മർ ജൂനിയർ!

ഇന്നലെ ബ്രസീലിയൻ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ ഗ്രിമിയോക്ക് സാധിച്ചിരുന്നു.ആവേശകരമായ പോരാട്ടത്തിൽ ഒന്നാം സ്ഥാനക്കാരായ ബൊട്ടഫോഗോയെ ഗ്രിമിയോ പരാജയപ്പെടുത്തുകയായിരുന്നു. മൂന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ഗ്രിമിയോയുടെ വിജയം.സൂപ്പർ താരം ലൂയിസ് സുവാരസിന്റെ ഹാട്രിക്കാണ് ഗ്രിമിയോക്ക് ഈ തകർപ്പൻ വിജയം സമ്മാനിച്ചിട്ടുള്ളത്.

മത്സരത്തിന്റെ 47 മിനിട്ടുകൾ പിന്നിട്ടപ്പോൾ ഒന്നിനെതിരെ 3 ഗോളുകൾക്ക് ഗ്രിമിയോ പിറകിലായിരുന്നു. പക്ഷേ അതിനുശേഷം അസാധാരണമായ ഒരു തിരിച്ചുവരവാണ് സുവാരസും ഗ്രിമിയോയും നടത്തിയത്.മത്സരത്തിന്റെ 50,54,69 മിനിട്ടുകളിൽ സൂപ്പർ താരം സുവാരസ്‌ ഗോൾ കണ്ടെത്തുകയായിരുന്നു.സുവാരസിന്റെ ഹാട്രിക്ക് പിറന്നതോടെ മത്സരം 4-3 എന്ന നിലയിലായി. പിന്നീട് ഇതേ സ്കോറിന് തന്നെ ഗ്രിമിയോ വിജയിക്കുകയും ചെയ്തു.

സുവാരസിന്റെ ഈ തകർപ്പൻ ഹാട്രിക്കിൽ സൂപ്പർ താരം നെയ്മർ ജൂനിയർ അത്ഭുതം പ്രകടിപ്പിച്ചിട്ടുണ്ട്. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് നെയ്മർ അൽഭുതം പ്രകടിപ്പിച്ചിട്ടുള്ളത്.സുവാരസിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് വാ പൊളിച്ചു നിൽക്കുന്ന മൂന്ന് ഇമോജികൾ നെയ്മർ ക്യാപ്ഷനായി കൊണ്ട് നൽകിയിട്ടുണ്ട്. ഇനിയും ഒരുപാട് കളിക്കൂ എന്നും നെയ്മർ സുവാരസിനെ മെൻഷൻ ചെയ്തുകൊണ്ട് എഴുതിയിട്ടുണ്ട്.പരിക്കു മൂലം വിശ്രമിക്കുന്ന നെയ്മർ നിലവിൽ ബ്രസീലിലാണ് ഉള്ളത്. നെയ്മറുടെ മുൻ സഹതാരവും അടുത്ത സുഹൃത്തും കൂടിയാണ് സുവാരസ്‌.

ഏതായാലും ഈ സീസൺ അവസാനിക്കുന്നതോടുകൂടി സുവാരസ്‌ ഗ്രിമിയോയോട് വിട പറയുകയാണ്. ലയണൽ മെസ്സിയുടെ അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയിലേക്കാണ് ഈ ഉറുഗ്വൻ സൂപ്പർ താരം പോകുന്നത്. ഇപ്പോഴും തകർപ്പൻ പ്രകടനം നടത്താൻ സുവാരസിന് സാധിക്കുന്നുണ്ട്. 28 മത്സരങ്ങളിൽ നിന്ന് പതിനാല് ഗോളുകളും പത്ത് അസിസ്റ്റുകളും ഗ്രിമിയോക്ക് വേണ്ടി ഈ സീസണിൽ സുവാരസ് നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *